Skip to main content
മന്ത്രിമാരായ കെ രാജൻ , കെ രാധാകൃഷ്ണൻ , എന്നിവരുടെ സാന്നിധ്യത്തിൽ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ദേവസ്വം പ്രതിനിധികളുടെയും യോഗം

തൃശൂർ പൂരം : ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേർന്നു

പൂരവും വെടിക്കെട്ടും കൂടുതല്‍ പേര്‍ക്ക് കാണാന്‍ അവസരമൊരുക്കും

പൂരം ഒരുക്കങ്ങള്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു

ഇത്തവണത്തെ പൂരവും വെടിക്കെട്ടും കൂടുതല്‍ പേര്‍ക്ക് കാണാനാവും വിധം സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി സ്വരാജ് റൗണ്ടിന്റെ ചില ഭാഗങ്ങളില്‍ നിന്നും റൗണ്ടിലെ സുരക്ഷിതമായ കെട്ടിടങ്ങളില്‍ നിന്നും ആസ്വദിക്കുന്നതിന് നിബന്ധനകള്‍ക്കു വിധേയമായി അനുമതി നല്‍കാന്‍ പൂരം മുന്നൊരുക്കവുമായി ബന്ധപെട്ട്  മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, ഡോ ആര്‍ ബിന്ദു  എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. പെസോയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വെടിക്കെട്ട് നടക്കുന്ന ഫയര്‍ ലൈനില്‍ നിന്ന് 100 മീറ്റര്‍ അകലെ നിന്ന് സുരക്ഷിതമായി വെടിക്കെട്ട് കാണുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി അധികൃതര്‍ പ്രദേശം അളന്ന് സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും കാണുന്നതിന് ആളുകള്‍ക്ക് നില്‍ക്കാവുന്ന പ്രദേശങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തിയ സ്‌കെച്ചുകള്‍ തയ്യാറാക്കി.
പൂരം വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലെ ജോസ് തിയേറ്ററിന്റെ മുന്‍ഭാഗം മുതല്‍ പാറമേക്കാവ് ക്ഷേത്രം വരെയുള്ള ഭാഗത്ത് റോഡിലും കുറുപ്പം റോഡ് മുതല്‍ എംജി റോഡ് വരെയുള്ള ഭാഗത്ത് റോഡ് കഴിഞ്ഞുള്ള നടപ്പാതയ്ക്ക് പുറത്തും കാണികള്‍ക്ക് പ്രവേശനം അനുവദിക്കും. സാമ്പിള്‍ വെടിക്കെട്ടിന് എംജി റോഡ് മുതല്‍ കുറുപ്പം റോഡ് വരെയും ജോസ് തിയേറ്റര്‍ മുതല്‍ പാറമേക്കാവ് വരെയുമുള്ള ഭാഗത്ത് റോഡിലേക്കും പ്രവേശനം നല്‍കും.

നിലവിലെ മരച്ചില്ലകള്‍ വെട്ടിമാറ്റി ഫയര്‍ ലൈന്‍ കൂടുതല്‍ അകത്തേക്ക് മാറ്റാന്‍ സാധിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അവസരമൊരുങ്ങുമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഇക്കാര്യം പരിശോധിച്ച് തീരുമാനം കൈക്കൊള്ളാന്‍ യോഗം ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി. സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങളുടെ ഫിറ്റ്‌നെസ് പരിശോധിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വിവിധ വിഭാഗങ്ങളായി തിരിച്ച് തീരെ സുരക്ഷിതമല്ലാത്തവയില്‍ ആളുകള്‍ പ്രവേശിക്കുന്നത് വിലക്കാനും അല്ലാത്തവയുടെ ശേഷി അനുസരിച്ച് പ്രത്യേക പാസ് നല്‍കി പ്രവേശനം അനുവദിക്കാനും യോഗം തീരുമാനിച്ചു.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ കാണികളെയാണ് ഇത്തവണത്തെ പൂരത്തിന് പ്രതീക്ഷിക്കുന്നതെന്നും മികച്ച മുന്നൊരുക്കങ്ങളാണ് ബന്ധപ്പെട്ട എല്ലാ വിഭാഗം ജനങ്ങളും ഒരുക്കിയിരിക്കുന്നതെന്നും പട്ടികജാതി പട്ടികവര്‍ഗ വികസന ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്ക് പൂരം ആസ്വദിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ഇത്തവണ ഭിന്നശേഷിക്കാര്‍ക്ക് കൂടി പൂരം ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കും. പൂരം വന്‍ വിജയമാക്കാന്‍ എല്ലാവരുടെയും മികച്ച സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് പൂരം ആസ്വദിക്കാന്‍ കഴിയുംവിധം മികച്ച സൗകര്യങ്ങള്‍ ഒരുക്കാനാണ് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും ശ്രമിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് ഫയര്‍ ലൈനില്‍ നിന്ന് റൗണ്ടിലേക്കുള്ള അളവെടുത്ത് പരമാവധി പേര്‍ക്ക് വെടിക്കെട്ട് കാണാന്‍ അവസരമൊരുക്കുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ നടത്തിയത്. കൂടുതല്‍ പേര്‍ക്ക് പൂരം ആസ്വദിക്കാന്‍ അവസരമൊരുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുമുണ്ടാവും. കനത്ത ചൂട് പരിഗണിച്ച് ഇത്തവണ കുടിവെള്ള വിതരണത്തിനുള്ള സൗകര്യം വര്‍ധിപ്പിക്കും. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സൗകര്യങ്ങളും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പൂരത്തിന് സേവനം ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവരുന്ന സ്വകാര്യ ആംബുലന്‍സുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) മുമ്പാകെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി അറിയിച്ചു.

പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ക്ക് കൃത്യമായി ഇടവേളകളില്‍ വെള്ളവും ആഹാരവും തടസ്സം കൂടാതെ നല്‍കണമെന്നും ഉയര്‍ന്നുവരുന്ന താപനില പരിഗണിച്ച് ആനകളെ വെള്ളമൊഴിച്ച് തണുപ്പിക്കാനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. പൂരം സ്ത്രീ സൗഹൃദമാക്കിയതിനു പുറമെ ഭിന്നശേഷി സൗഹൃദം കൂടിയാക്കാനുള്ള തീരുമാനം ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പൂരവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഇതിനകം കൈക്കൊണ്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. വിവിധ തലങ്ങളിലായി നിരവധി ആലോചനാ യോഗങ്ങള്‍ നടത്തി പൂരം നടത്തിപ്പ് കുറ്റമറ്റതാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയതായി ജില്ലാ കലക്ടര്‍ വി ആർ കൃഷ്ണ തേജ അറിയിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും പൂരത്തിന് സുരക്ഷ ഒരുക്കുന്നതിനുമായി അയല്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെ 3000ത്തിലധികം പോലീസുകാരെ വിന്യസിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ പറഞ്ഞു. എഴുന്നള്ളിക്കുന്ന ആനകളുടെയും പാപ്പാന്‍മാരുടെയും വിവരങ്ങള്‍ മുന്‍കൂട്ടി സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, ഡോ. ആര്‍ ബിന്ദു, മേയര്‍ എം കെ വര്‍ഗീസ്, ടി എൻ പ്രതാപന്‍ എംപി, പി ബാലചന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ വി ആർ കൃഷ്ണ തേജ, സിറ്റി പോലിസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, ജില്ലാ വികസന കമ്മീഷണര്‍ ശിഖ സുരേന്ദ്രന്‍, സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം കെ സുദര്‍ശന്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ എം ബാലഗോപാല്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. സുന്ദര്‍ മേനോന്‍, വിവിധ വകുപ്പ് മേധാവികള്‍, ദേവസ്വം ഭാരവാഹികള്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date