Skip to main content
തൃശൂർ താലൂക്ക് ഓഫിസ് പൈതൃക മന്ദിരം ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിക്കുന്നു

സ്മാർട്ടായി തൃശ്ശൂർ താലൂക്ക് ഓഫീസ് പൈതൃക മന്ദിരം; ആരും കയറാത്ത വില്ലേജ്, താലൂക്ക് ഓഫീസുകൾ ലക്ഷ്യമെന്ന് മന്ത്രി കെ രാജൻ

 പുതിയ റവന്യൂ ടവർ ഉടൻ

വില്ലേജ്, താലൂക്ക് ഓഫീസുകളിലെ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കി ജനങ്ങൾ ഓഫീസുകൾ കയറിയിറങ്ങുന്ന സ്ഥിതി ഇല്ലാതാക്കലാണ് ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജൻ. സൗകര്യപ്രദമായ സർക്കാർ സംവിധാനങ്ങളൊരുക്കി ഓഫീസുകളിൽ ജനങ്ങൾ നേരിട്ടെത്തുന്ന സാഹചര്യം ഒഴിവാക്കും. അഞ്ചുവർഷത്തിനകം സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് ആയ താലൂക്ക്, വില്ലേജ് ഓഫീസുകൾ പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്ലാൻ സ്കീം 2018-19 പൈതൃക സ്മാരകങ്ങളുടെ സംരക്ഷണം പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാംഘട്ട നവീകരണം പൂർത്തീകരിച്ച തൃശ്ശൂർ താലൂക്ക് ഓഫീസ് പൈതൃക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിലെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനു പിറകിലായി 10 കോടി രൂപ മുതൽമുടക്കിൽ റവന്യൂ ടവർ നിർമിക്കും. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനു പിന്നിലുള്ള മുഴുവൻ ഓഫീസുകളും റവന്യൂ ടവറിലേക്ക് മാറ്റും. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

പി ബാലചന്ദ്രൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. റവന്യൂ ടവറും ജില്ല പൈതൃക താലൂക്ക് ഓഫീസിൽ മറ്റു പ്രധാനപ്പെട്ട ഓഫീസുകളും പ്രവർത്തിക്കുന്ന ചെമ്പുക്കാവ് പ്രദേശം ജില്ലയിലെ പ്രധാന ഭരണസംവിധാന പ്രദേശമായി മാറുമെന്ന് പി ബാലചന്ദ്രൻ എംഎൽഎ അഭിപ്രായപ്പെട്ടു. എംഎൽഎയുടെ ഫണ്ടിൽ നിന്നും 15,80,684 രൂപ മുതൽമുടക്കിൽ ജില്ലയിലെ 10 വില്ലേജ് ഓഫീസുകൾക്കും തൃശ്ശൂർ താലൂക്ക് ഓഫീസിനുമായി 32 ലാപ്ടോപ്പും 10 പ്രിന്ററും എം എൽ എ വിതരണം ചെയ്തു.

സംസ്ഥാനത്തെ മികച്ച താലൂക്ക് ഓഫീസായി തെരഞ്ഞെടുക്കപ്പെട്ട തൃശ്ശൂർ താലൂക്ക് ഓഫീസിലെ സ്തുത്യർഹ സേവനം അനുഷ്ഠിച്ച 35 ജീവനക്കാരെ മന്ത്രി കെ രാജൻ സർട്ടിഫിക്കറ്റും ഫലകവും നൽകി ആദരിച്ചു. ഭിന്നശേഷിക്കാരനായ ഹെഡ് ക്ലർക്ക് ഷിബുവിന് മന്ത്രി നേരിട്ട് സദസ്സിലെത്തി സർട്ടിഫിക്കറ്റും ഫലകവും നൽകി. തൃശൂർ താലൂക്ക് ഓഫീസിന് കീഴിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച അയ്യന്തോൾ, ചേർപ്പ്, കുറുമ്പിലാവ്, പാണഞ്ചേരി, തൃശ്ശൂര്, വിൽവട്ടം വില്ലേജ്  ഓഫീസുകൾക്കും പുരസ്കാരം നൽകി.

സ്മാർട്ട് ആകുന്ന വില്ലേജ് ഓഫീസുകൾക്ക് ലാപ്ടോപ്പ് അടക്കമുള്ള സംവിധാനങ്ങൾ എംഎൽഎ ഫണ്ടിൽ നൽകാൻ എംഎൽഎമാർ തയ്യാറാണെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ എം എൽ റോസി, പുഴയ്ക്കൽ ബ്ലോക്ക് പ്രസിഡണ്ട് ആനി ജോസ്, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡണ്ട് കെ ആർ രവി, ചേർപ്പ് ബ്ലോക്ക് പ്രസിഡണ്ട് എ  കെ രാധാകൃഷ്ണൻ, ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ, അസിസ്റ്റൻറ് കളക്ടർ മുഹമ്മദ് ഷഫീഖ്, തഹസിൽദാർ  ജയശ്രീ ടി, മറ്റു ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date