Skip to main content

കഴിമ്പ്രം ബീച്ച് ഫെസ്റ്റ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു

ജനകീയ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 മുതൽ 25 വരെയുള്ള ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ്  മന്ത്രി കെ രാജൻ നിർവ്വഹിച്ചു.

ജനകീയ ഉത്സവങ്ങൾ ഒത്തുചേരലിന്റെയും പങ്കുവെക്കലിന്റെയും പാഠങ്ങളും മനുഷ്യനെ മനുഷ്യനായി കാണാൻ പുതുതലമുറയെ പഠിപ്പിക്കുന്നതുമാകണമെന്ന് മന്ത്രി പറഞ്ഞു. ജാതിമത രാഷ്ട്രീയ വർണ്ണ വർഗ്ഗ ലിംഗ വ്യത്യാസങ്ങളില്ലാതെ മാനവികതയിലൂന്നിയ പുതുതലമുറയെ വാർത്തെടുക്കാൻ സാധിക്കണം. ജനകീയ കൂട്ടായ്മയുടെ അതിരുകളില്ലാത്ത സ്നേഹത്തിന്റെയും സർഗാത്മകതയുടെയും തിരിയാണ് നാം കൊളുത്തിയതെന്നും മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും അണയാത്ത തിരിയായി എക്കാലവും നിലകൊള്ളാൻ കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് സാധിക്കണമെന്നും മന്ത്രി ആശംസിച്ചു.

ചടങ്ങിൽ  ഇലക്ട്രോണിക്സിൽ ഡോക്ടറേറ്റ് നേടിയ മിനി രതീഷിനെ മന്ത്രി  ആദരിച്ചു. ജനകീയ സൗഹൃദ വേദി ചെയർമാൻ ശോഭ സുബിൻ അധ്യക്ഷനായി. കഴിബ്രം ഡിവിഷൻ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ മല്ലിക ദേവൻ, വസന്ത ദേവരാജ്, മധു ശക്തിധരൻ എന്നിവർ മുഖ്യാതിഥികളായി. ജനറൽ കൺവീനർ ഷൈൻ നെടിയിരിപ്പിൽ ഉണ്ണികൃഷ്ണൻ, തൈപ്പറമ്പത്ത് മധു, കുന്നത്ത് സൗമ്യൻ, പി ഡി ലോഹിതാക്ഷൻ, സുജിന്ത്‌ പുല്ലാട്ട്, അജ്മൽ ഷെരീഫ്, സുമേഷ് പാനാട്ടിൽ, പ്രജീഷ് തുടങ്ങിയവർ പങ്കെടുത്തു.

 സാംസ്കാരിക ഘോഷയാത്രയോടെയാണ് ഫെസ്റ്റ് കൊടിയേറിയത്. സി സി മുകുന്ദൻ കൊടിയേറ്റ് നിർവഹിച്ചു. ഫെസ്റ്റിന്റെ ഭാഗമായി കാർണിവലുകൾ കരകൗശലമേള വിവിധതരം സ്റ്റാളുകൾ, വീൽചെയർ വിതരണം, ധനസഹായ വിതരണം എന്നിവ നടക്കും. കുട്ടികൾക്കായുള്ള  പ്രത്യേകം പാർക്കുകൾ, ഭക്ഷണ കൗണ്ടറുകൾ, കായിക വിനോദ ഉപകരണങ്ങൾ തുടങ്ങിയവയും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഗാനമേള, കലാപരിപാടികൾ, നടനോത്സവം, റിയാലിറ്റി ഷോ, കായിക മത്സരങ്ങൾ, മ്യൂസിക്കൽ മേള, ശിങ്കാരിമേളം മ്യൂസിക്കൽ ബാൻഡ് പ്രോഗ്രാമുകൾ എന്നിവയും നടക്കും.

date