Skip to main content

ജില്ലയിലെ വന സൗഹൃദ സദസ്സ് ഇന്ന് അതിരപ്പള്ളിയിലും പീച്ചിയിലും : മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വനാതിർത്തികളിലെ വനസൗഹൃദ ജീവിതത്തിനായി സർക്കാർ സംഘടിപ്പിക്കുന്ന വന സൗഹൃദ സദസ്സ് ജില്ലയിൽ ഏപ്രിൽ 17 ന് വനം - വന്യജീവി വകുപ്പ്  മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വനാതിർത്തികളിൽ താമസിക്കുന്നവരുടെ പ്രശ്നപരിഹാരത്തിനായി വനം വകുപ്പ് പീച്ചി, ചാലക്കുടി ഭാഗങ്ങളിൽ  സംഘടിപ്പിക്കുന്ന വന സൗഹൃദ സദസ്സിൽ പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, റവന്യു മന്ത്രി കെ രാജൻ എന്നിവർ  മുഖ്യാതിഥികളാകും. അരൂർമുഴിയിലെ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ രാവിലെ 10.30നും പീച്ചി കെ എഫ് ആർ ഐ ഓഡിറ്റോറിയത്തിൽ ഉച്ചതിരിഞ്ഞ് 2.30 നുമാണ് സദസുകൾ.

വനാതിർത്തി പ്രദേശങ്ങളിൽനിന്ന് ലഭിച്ച പരാതികൾ പരിഹരിക്കൽ, മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കൽ തുടങ്ങിയവയാണ് വനസദസിൻ്റെ ലക്ഷ്യം.

ജില്ലയിൽ വനവുമായി അതിർത്തി പങ്കിടുന്ന ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി,  ഒല്ലൂർ, പുതുക്കാട്, ചാലക്കുടി നിയോജകമണ്ഡലങ്ങളിലെ 24 പഞ്ചായത്തുകളിലെയും മുൻസിപ്പാലിറ്റിയിലെയും ഡിവിഷൻ - ബ്ലോക്ക് അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് അംഗങ്ങൾ തുടങ്ങിയവരെ രണ്ട് സദസ്സുകളിലുമായി  മന്ത്രിമാർ അഭിസംഭോധന ചെയ്യും. സംസ്ഥാനത്ത് വനവുമായി അതിർത്തി പങ്കിടുന്ന 51 നിയോജക മണ്ഡലങ്ങളിലെ 221 പഞ്ചായത്തുകളിൽ 20 വേദികളിലായാണ് പ്രശ്നപരിഹാരത്തിനായി സദസ്സുകൾ സംഘടിപ്പിക്കുന്നത്.

അരൂർമുഴിയിൽ സനീഷ്‌കുമാർ ജോസഫ് എംഎൽഎ അധ്യക്ഷനാകും. മന്ത്രി കെ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. എംപിമാരായ ബെന്നി ബെഹനാൻ, ടി എൻ പ്രതാപൻ, കെ കെ രാമചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ തുടങ്ങിയവർ പങ്കെടുക്കും.

പീച്ചിയിൽ മന്ത്രി കെ രാജൻ അധ്യക്ഷനാകും. മന്ത്രി കെ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. എംപിമാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, എംഎൽഎമാരായ എ സി മൊയ്‌തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ തുടങ്ങിയവർ പങ്കെടുക്കും.

date