Skip to main content

വികസന ക്ഷേമപദ്ധതികൾ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

ജില്ലയിൽ 3 കുടുംബാരോഗ്യ കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു

വികസന ക്ഷേമ പദ്ധതികൾ ഒരുപോലെ ശക്തിപ്പെടുത്തി അതിന്റെ ഗുണഫലം ജനങ്ങളിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർദ്രം മിഷനിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ ഒട്ടേറെ പദ്ധതികൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ ആർദ്ര കേരള പുരസ്കാരം 2021-22 ന്റെ വിതരണവും സംസ്ഥാനത്ത് 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 കേരളത്തിന്റെ ആരോഗ്യ രംഗത്ത് വന്ന മാറ്റത്തിന്റെ ഗുണ ഫലം കോവിഡ് കാലഘട്ടത്തിൽ അനുഭവിച്ചവരാണ് നമ്മൾ. ആർദ്രം മിഷന്റെ ഭാഗമായി പ്രൈമറി ഹെൽത്ത് സെന്റർ മുതൽ മെഡിക്കൽ കോളേജ് ആശുപത്രി തലം വരെ സർക്കാർ നടത്തിയ വികസന പദ്ധതികളാണ് ഈ മാറ്റത്തിന് മുതൽ കൂട്ടായത്. ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ ഏത് തരത്തിലുള്ള മാരക രോഗങ്ങളെയും പകർച്ച വ്യാധിയെയും നേരിടാൻ കേരളത്തെ പ്രാപ്തമാക്കി. അത് കൂടുതൽ കരുത്തുറ്റതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വർഷം തന്നെ എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ഉറപ്പാക്കുമെന്ന് ആരോഗ്യ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് ഡോക്ടർമാർ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 6 മണി വരെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റങ്ങളാണ് സർക്കാർ നടപ്പാക്കുന്നെതെന്നും 885 ആരോഗ്യകേന്ദ്രങ്ങളെ 630 കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ സർക്കാരിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ രാമവർമ്മപുരം, പറപ്പൂക്കര, വെള്ളാങ്കല്ലൂർ എന്നീ മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

പറപ്പൂക്കര കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനചടങ്ങിൽ കെ കെ രാമചന്ദ്രൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. രോഗപ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം മൂന്ന് ഡോക്ടർമാരുടെയും രണ്ട് സ്റ്റാഫ് നഴ്സിന്റെയും ഒരു ഫാർമസിസ്റ്റിന്റെയും ലാബ് ടെക്നീഷ്യന്റെയും സേവനം ലഭിക്കും. കെ കെ രാമചന്ദ്രൻ എംഎൽഎ വികസനഫണ്ടിൽ നിന്നുള്ള 20 ലക്ഷവും മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അനുവദിച്ച 19.9 ലക്ഷം രൂപയും പറപ്പൂക്കര ഗ്രാമപഞ്ചായത്ത് അനുവദിച്ച 17.5 ലക്ഷം രൂപയും എൻഎച്ച്എമ്മിന്റെ 30 ലക്ഷം രൂപയും ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. 2887 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച കെട്ടിടത്തിൽ ഫാർമസി, സ്റ്റോർ റൂം, ഒബ്സർവേഷൻ റൂം, ശ്വാസ് ആശ്വാസ് ക്ലീനിക്, ഒപി സൗകര്യങ്ങൾ, ഡ്രസ്സിംഗ് റൂം,  പ്രീ ചെക്ക് റൂം, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഇ കെ അനൂപ്, ലളിതാ ബാലൻ, ലതാ ചന്ദ്രൻ, ടി കെ അനൂപ്, എം എൽ ഷൈലജ, കാർത്തിക ജയൻ, പി ടി കിഷോർ ശ്രീജിത്ത്, ജി സജിത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
 

വെള്ളാങ്കല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ തുറന്നുകൊടുത്തു. കെട്ടിടത്തിന്റെ ശിലാഫലകം വി ആർ സുനിൽകുമാർ എംഎൽഎ അനാച്ഛാദനം ചെയ്തു. 2018 -19 സാമ്പത്തിക വർഷത്തിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പണം വകയിരുത്തി നിർമ്മാണം ആരംഭിച്ച ഈ കെട്ടിടത്തിന് ബ്ലോക്ക് പഞ്ചായത്ത് 34.19 ലക്ഷം രൂപയും തൃശൂർ ജില്ലാ പഞ്ചായത്ത് 37 ലക്ഷം രൂപയും ആർദ്രം പദ്ധതിയിലൂടെ വിഹിതമായി 15.5 ലക്ഷം രൂപയും ചേർത്ത് ആകെ 86.7 ലക്ഷം രൂപയാണ് കെട്ടിട നിർമ്മാണത്തിനായി ചെലവഴിച്ചത്.

വെള്ളാങ്ങല്ലൂർ, വേളൂക്കര, പൂമംഗലം തുടങ്ങി പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ്  വെള്ളാങ്ങല്ലൂർ കുടുംബരോഗ്യകേന്ദ്രം. കൺസൾട്ടിംഗ് റൂം, ഒപി സൗകര്യങ്ങൾ, ഒബ്സെർവേഷൻ റൂം, ഡ്രസിങ് റൂം, ശ്വാസ്‌ - ആശ്വാസ് റൂം, ഫീഡിങ് റൂം, പ്രി ചെക്കപ്പ് റൂം, ഫാർമസി, ലാബ്, ടോയ്ലറ്റ്,ബയോ വേസ്റ്റ് ശേഖരണ മുറി എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങളോട് കൂടി 5469 സ്ക്വയർ ഫീറ്റിൽ ആണ് കുടുംബരോഗ്യ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. രണ്ട് ഡോക്ടമാരുടെയും രണ്ട് സ്റ്റാഫ്‌ നേഴ്സുകളുടെയും ഫാർമസിസ്റ്റിന്റെയും ലാബ് ടെക്‌നിഷ്യന്റെയും സേവനം ഇവിടെ ലഭ്യമാണ്. ഘോഷയാത്ര വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽനിന്നാരംഭിച്ചു. തൃശ്ശൂർ റെഡ് ക്യാപ് അവതരിപ്പിക്കുന്ന ഉണർത്തുപാട്ട് നാടൻപാട്ടുകളുടെയും പഴയകാല ഗാനങ്ങളും കോർത്തിണക്കി കൊണ്ടുള്ള പ്രത്യേക പരിപാടിയും ഉണ്ടായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.
 മെഡിക്കൽ ഓഫീസർ ടി വി ബിനു പദ്ധതി അവലോകനം ചെയ്തു സംസാരിച്ചു. വിജയലക്ഷ്മി വിനയചന്ദ്രൻ, ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, എം എം മുകേഷ്, ലതാ ചന്ദ്രൻ, ഷീല അജയഘോഷ്, പി രേഖ, ജനപ്രതിനിധികൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു.

 രാമവർമ്മപുരത്ത് നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രം പി ബാലചന്ദ്രൻ എംഎൽഎ തുറന്നുകൊടുത്തു. പ്രീ ചെക്കപ്പ് റൂം, ആധുനീകരിച്ച ലാബ്, ഒപി വെയ്റ്റിംഗ് ഏരിയ, ടോയ്‌ലറ്റ്, ഫീഡിങ് റൂം, ഫാർമസി  തുടങ്ങിയ സൗകര്യങ്ങളോടുകൂടി 15.5 ലക്ഷം രൂപ ചെലവഴിച്ച് ആർദ്രം മൂന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  രാമവർമ്മപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം പുതുക്കി പണിതത്. കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ചു. എം എൽ റോസി, പി പി ശ്രീദേവി, ഡോ. എം കെ ശ്രീജ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു.

date