Skip to main content

പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് മൂവാറ്റുപുഴ നഗരസഭ

 

പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് മൂവാറ്റുപുഴ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും വയോജനങ്ങള്‍ക്ക് കട്ടിലും  വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. 4,22,150 രൂപയാണ് നഗരസഭ പദ്ധതിക്കായി വകയിരുത്തിയത്.

നഗരസഭ പരിധിയിലെ പട്ടികജാതിവിഭാഗത്തിൽപ്പെട്ട ബിരുദ, ബിരുദാനന്തര, പ്രഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്ക്  ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. 2,88,000 രൂപ ചെലവിൽ എട്ട് വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നൽകി. അംഗീകൃത സ്കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന  പതിമൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി അയ്യായിരം രൂപ വില വരുന്ന മേശയും കസേരകളും വിതരണം ചെയ്തു.

 പത്ത് എസ്.സി. കുടുംബങ്ങള്‍ക്ക് മൂപ്പതിനായിരം രൂപ ചിലവഴിച്ച് വാട്ടര്‍ ടാങ്കുകളും ഒമ്പത് വയോജനങ്ങള്‍ക്ക്  4350 രൂപ വില വരുന്ന കട്ടിലുകളും വിതരണം ചെയ്തു. വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പഴ്സണ്‍ പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍മാരായ കെ.ജി. അനില്‍ കുമാര്‍, ജിനു മടേക്കല്‍ എന്നിവര്‍ പങ്കെടുത്തു.

date