Skip to main content

അഗ്‌നിരക്ഷാ സേനയ്ക്ക് പുതിയ 66 വാഹനങ്ങൾ

             നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന അഗ്‌നിരക്ഷാസേന പുതുതായി വാങ്ങിയ 66 വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് ചൊവ്വാഴ്ച കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആറ് ഡി.സി.പി (ഡ്രൈ കെമിക്കൽ പൗഡർ) ടെൻഡറുകൾ, മൂന്ന് ട്രൂപ്പ് ക്യാരിയറുകൾ, 35 ഫസ്റ്റ് റെസ്‌പോൺസ് വാഹനങ്ങൾ, 12 ഫയർ ടെൻഡറുകൾ, 10 സ്‌ക്യൂബ വാനുകൾ എന്നിവ ഉൾപ്പെട്ടതാണ് പുതിയ വാഹനവ്യൂഹം.

             ഓയിൽ റിഫൈനറി, ഇ-വാഹനം, പെട്രോളുമായി ബന്ധപ്പെട്ട തീപിടുത്തം തുടങ്ങിയവ ഫലപ്രദമായി നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള വാഹനമാണ് ഡി.സി.പി ടെൻഡർ. ഇതിൽ 2000 കിലോ ഡി.സി.പി പൗഡർ ചാർജ് ചെയ്തു സൂക്ഷിക്കുന്നു. അപകട സമയങ്ങളിൽ തീ മറ്റു മേഖലയിലേക്ക് പടരാതെ സമയബന്ധിതമായി നിയന്ത്രിച്ച് അണയ്ക്കുന്നതിന് വാഹനം ഉപയോഗിക്കുന്നു.

             അഗ്‌നി രക്ഷാസേനയുടെ ജീവനാഡിയായ ഫയർ ടെൻഡർ വാഹനത്തിൽ 4500 ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ സാധിക്കും. തീ അപകടം നടന്നാൽ വെള്ളമുപയോഗിച്ച് നിയന്ത്രിച്ച് അണയ്ക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ഉൾപ്പെടെ ക്രമീകരിച്ചിരിക്കുന്നു.

             അപകട സ്ഥലത്തേക്ക് അഗ്‌നിരക്ഷാ സ്റ്റേഷനിൽ നിന്ന് ആദ്യം പുറപ്പെടുന്ന വാഹനമാണ് ഫയർ റെസ്‌പോൺസ് വാഹനം. തിരക്കേറിയ റോഡുകളിൽ താരതമ്യേന ചെറിയ നിർമിതിയിലുഉള്ള ഇത്തരം വാഹനം ഉപയോഗിക്കുക വഴി അപകട സ്ഥലത്തേക്ക് വളരെ വേഗം എത്തിച്ചേരാൻ സാധിക്കും. 1000 ലിറ്റർ വെള്ളം ഉപയോഗിച്ച് തീ പ്രതിരോധിക്കുകയും ഫയർ ടെൻഡർ എത്തുന്നതുവരെ തീയുടെ സംഹാരം നിയന്ത്രിക്കുകയോ അവസാനിപ്പിക്കുകയും ചെയ്യും. റോഡപകടങ്ങളിലും വളരെ പെട്ടെന്ന് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്ന ആധുനിക ഉപകരണങ്ങൾ ഇതിലുണ്ട്.

             നാലു ചക്രങ്ങളിലും ഡ്രൈവ് ഉള്ള ട്രൂപ്പ് ക്യാരിയർ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവിടങ്ങളിലെ ദുഷ്‌ക്കരമായ റോഡുകളിലൂടെ സഞ്ചരിച്ച് ഫയർ സർവീസ്, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവരെ അപകടസ്ഥലത്ത് കൊണ്ടുവരുന്നതിനും കൂടുതൽ രക്ഷാപ്രവർത്തകരെ എത്തിക്കുന്നതിനും സഹായിക്കുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങൾ എത്തിക്കാനും ഇത് പ്രയോജനപ്പെടും.

             സ്‌ക്യൂബ വാൻ ജലാശയ അപകടങ്ങളിൽ ആണ് ഉപയോഗിക്കുന്നത്. ഡിങ്കി,  ഔട്ട്‌ബോർഡ് എൻജിൻ എന്നിവ സഹിതമുള്ള വാൻ സ്‌ക്യൂബ ടീം അംഗങ്ങൾക്ക് എത്തിച്ചേരുന്നതിനുള്ള വാഹനമാണ്.  പ്രളയസമയത്ത് ഇത്തരത്തിലുള്ള വാഹനങ്ങൾ ഉപയോഗിച്ച് ആളുകളെ രക്ഷിച്ചിരുന്നു.  ഫ്‌ലാഗ് ഓഫ് ചടങ്ങിൽ അഗ്‌നിരക്ഷാസേന ഡയറക്ടർ ജനറൽ ബി സന്ധ്യ പങ്കെടുത്തു.

പി.എൻ.എക്‌സ്. 1949/2023

date