Skip to main content

എന്റെ കേരളം മെഗാ എക്‌സിബിഷന്‍ 9 മുതല്‍; ഘോഷയാത്രയോടെ തുടക്കമാകും

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് മെയ് 9ന് നടക്കുന്ന ഘോഷയാത്രയോടെ തുടക്കമാവും. സ്വരാജ് റൗണ്ടിലെ സിഎംഎസ് സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ സമാപിക്കുന്ന രീതിയിലായിരിക്കും ഘോഷയാത്ര സംഘടിപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് എ സി മൊയ്തീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രോഗ്രാം കമ്മിറ്റി യോഗം അന്തിമ രൂപം നല്‍കി.
ആയിരക്കണക്കിന് ആളുകള്‍ അണിനിരക്കുന്ന ഘോഷയാത്രയ്ക്ക് മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെയും കലാ പ്രകടനങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന ഘോഷയാത്രയില്‍ നിശ്ച ദൃശ്യങ്ങളും കലാരൂപങ്ങളുടെ പ്രദര്‍ശനങ്ങളും അണിനിരക്കും. 

കേരള കലാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന എന്റെ കേരളം നൃത്ത സംഗീത ശില്‍പത്തിന്റെ അവതരണത്തോടെയാണ് യുവതയുടെ കേരളം എന്ന പ്രമേയത്തില്‍ നടത്തുന്ന മേളയുടെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കമാവുക. പൊതുസമ്മേളനം റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജനും എക്‌സിബിഷന്‍ ഉദ്ഘാടനം പട്ടികജാതി പട്ടിക വകുപ്പ് വികസന മന്ത്രി കെ രാധാകൃഷ്ണനും നിര്‍വഹിക്കും. ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ആല്‍മരം ബാന്‍ഡിന്റെ സംഗീത പരിപാടി അരങ്ങേറും. 

മെയ് 9 മുതല്‍ 15 വരെ നടക്കുന്ന മെഗാ എക്‌സിബിഷനില്‍ 200ലേറെ പ്രദര്‍ശന, വിപണന സ്റ്റാളുകള്‍ ഒരുക്കും. എല്ലാ ദിവസവും വൈകിട്ട് കലാ, സംഗീത പരിപാടികള്‍, രാവിലെ മുതല്‍ സൗജന്യ കോഴ്‌സ് കരിയര്‍ ഗൈഡന്‍സുകള്‍, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ബിസിനസ് ടു ബി സിനസ് മീറ്റുകള്‍, സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായിക്കുന്ന ഡിപിആര്‍ ക്ലിനിക്കുകള്‍, സൗജന്യ റോബോട്ടിക്‌സ് പരിശീലനം, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍, ജോബ് ഫെയര്‍, ഫുഡ്‌കോര്‍ട്ടുകള്‍ തുടങ്ങിയ ഒരുക്കിയിട്ടുണ്ട്. ആധാര്‍ എന്‍ റോല്‍മെന്റ്, ആധാര്‍ പുതുക്കല്‍ തുടങ്ങിയ അക്ഷയ സേവനങ്ങള്‍, ആരോഗ്യ സേവനങ്ങള്‍, ജല പരിശോധന, പാരന്റിംഗ് ക്ലിനിക്ക്, ന്യൂട്രീഷന്‍ ക്ലിനിക്ക്, ഫാമിലി, ലീഗല്‍ കൗണ്‍സലിംഗ്, ഉദ്യം രജിസ്ട്രേഷന്‍, കെസ്വിഫ്റ്റ് സേവനങ്ങള്‍, നേത്ര പരിശോധന, സംരംഭകത്വ സഹായം, യുഎച്ച്ഐഡി കാര്‍ഡ് വിതരണം, ടെലി മെഡിസിന്‍ സൗകര്യം തുടങ്ങി വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി മേളയില്‍ ലഭിക്കും. 

ആസൂത്രണ ഭവനില്‍ നടന്ന പ്രോഗ്രാം കമ്മിറ്റി യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി ചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date