Skip to main content

എന്റെ കേരളം മെഗാ എക്സിബിഷന്‍; എല്ലാ ദിവസവും സൗജന്യ കരിയര്‍ ഗൈഡന്‍സുമായി സ്‌കില്‍ എക്സ്പോ

എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് വൈവിധ്യമാര്‍ന്ന തുടര്‍ പഠന കോഴ്സുകളെയും അവയുടെ തൊഴില്‍ സാധ്യതകളെയും കുറിച്ച് വിശദമായി അറിയാല്‍ എന്റെ കേരളം മെഗാ എക്സിബിഷനില്‍ അവസരം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 09 മുതല്‍ 15 വരെ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് സ്‌കില്‍ എക്സ്പോ സൗകര്യം ഒരുക്കിയിരിക്കുന്നത്. 

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠന മേഖലകളെ കുറിച്ചറിയാന്‍ വിപുലമായ അവസരമൊരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍, മികച്ച സ്ഥാപനങ്ങള്‍ തുടങ്ങിയവയെ കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന ഈ സെഷനുകള്‍ വഴി കോഴ്സുമായും കരിയറുമായും ബന്ധപ്പെട്ട മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. 

അസാപ് കേരളയുടെ തൃശൂര്‍ ജില്ലാ ഡിവിഷനുമായി സഹകരിച്ച് മെയ് 10 മുതല്‍ 15 വരെയാണ് കരിയര്‍ ഗൈഡന്‍സ് സെഷനുകള്‍ സംഘടിപ്പിക്കുക. എഞ്ചിനീയറിംഗ്, ബാങ്കിംഗ്, ഫിനാന്‍സ്, സംരംഭകത്വം, കൃഷി, ബയോടെക്നോളജി, ആരോഗ്യം, നിയമം, മാനേജ്മെന്റ്, ട്രാവല്‍ ആന്റ് ടൂറിസം, മീഡിയ, സ്പോര്‍ട്സ്, ഫാഷന്‍, മല്‍സര പരീക്ഷകള്‍ തുടങ്ങിയ മേഖലകളിലായി ഓരോ ദിവസവും രണ്ട് സെഷനുകളിലായാണ് പരിപാടി സംഘടിപ്പിക്കുക. വിവിധ കോഴ്സുകളുമായും കരിയര്‍ സാധ്യതകളുമായും ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് വിദഗ്ധര്‍ അടങ്ങിയ പാനല്‍ മറുപടി നല്‍കും. എസ്എസ്എല്‍സിയോ പ്ലസ്ടുവോ പാസ്സായവര്‍ക്കും നിലവില്‍ എസ്എസ്എല്‍സി പഠിക്കുന്നവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. കരിയര്‍ ഗൈഡന്‍സ് സെഷനുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ മെയ് അഞ്ചിനകം 9496003219 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം. ജില്ലയിലെ മന്ത്രിമാര്‍, എംഎല്‍എമാര്‍, ജില്ലാ കലക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ ലിങ്ക് വഴിയും രജിസ്റ്റര്‍ ചെയ്യാം.

date