Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള: അവലോകനയോഗം ചേര്‍ന്നു

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ മേധാവികളുടെ അവലോകനയോഗം ജില്ലാ കലക്ടര്‍ അഫ്‌സന പര്‍വീണിന്റെ അധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കൊല്ലം ആശ്രാമം മൈതാനത്ത് മെയ് 18 മുതല്‍ 24 വരെയാണ് മേള സംഘടിപ്പിക്കുന്നത്. യുവതയുടെ കേരളം എന്നതാണ് പ്രധാന തീം.

വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍, സ്റ്റോളുകളുടെ അലോട്ട്‌മെന്റ്, ആവശ്യമായ സജ്ജീകരണങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതല്‍, മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളക്കായി ഒരുക്കുന്നത്. യുവജനങ്ങളെ ആകര്‍ഷിക്കും വിധമായിരിക്കണം സ്റ്റാളുകള്‍ സജ്ജീകരിക്കേണ്ടതെന്നും വകുപ്പുകളുടെ ആവശ്യകത മുന്‍കൂട്ടി അറിയിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

42,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ശീതീകരിച്ച ടെന്റുകളാണ് പ്രദര്‍ശന വിപണന മേളക്കായി ഒരുക്കിയിട്ടുള്ളത്. ജര്‍മ്മന്‍ ഹാങ്ങറില്‍ സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷന്‍ സംവിധാനത്തോടെയാണ് 200ല്‍ അധികം സ്റ്റാളുകള്‍ അടങ്ങിയ ടെന്റ് നിര്‍മിക്കുന്നത്. യുവജനങ്ങള്‍ക്കായി സേവനം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട 35 സ്റ്റാളുകള്‍, സര്‍ക്കാര്‍ വകുപ്പിന്റെ 44 സ്റ്റാളുകള്‍, 110 വിപണന സ്റ്റാളുകള്‍, ഭക്ഷ്യ കോര്‍ട്ട് ഉള്‍പ്പെടെ മേളയില്‍ ഒരുക്കും. എല്ലാ ദിവസം വൈകിട്ട് കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യം.

യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ സാബു, ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ഹസന്‍, എ ഡി എം ആര്‍ ബീനാറാണി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date