Skip to main content
എന്റെ കേരളം പ്രദർശന വിപണന മേളയുടെ കലാജാഥ പര്യടനം നെന്മണിക്കര എത്തിയപ്പോൾ കെ. കെ രാമചന്ദ്രൻ എംഎൽഎ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നു.

എന്റെ കേരളം പ്രചാരണ കലാജാഥയ്ക്ക് പുതുക്കാട് മണ്ഡലത്തിൽ സ്വീകരണം നൽകി

എന്റെ കേരളം പ്രദർശന വിപണമേളയുടെ പ്രചരണാർത്ഥമുള്ള  കലാജാഥ പുതുക്കാട് മണ്ഡലത്തിൽ പര്യടനം നടത്തി. നെന്മണിക്കര പഞ്ചായത്ത് ഓഫീസിന് സമീപം കലാജാഥയ്ക്ക് കെ കെ രാമചന്ദ്രൻ എംഎൽഎ സ്വീകരണം നൽകി. നെന്മണിക്കര പഞ്ചായത്ത് പ്രസിഡൻറ് ടി എസ് ബൈജുവിൻ്റെ നേതൃത്വത്തിലുള്ള വലിയ സദസ്സാണ് കലാജാഥയെ എതിരേറ്റത്. കൊടകര, പുതുക്കാട്, മണ്ണംപേട്ട, വരന്തിരപ്പിള്ളി, വേലുപ്പാടം എന്നിവിടങ്ങളിലും കലാജാഥ പര്യടനം നടത്തി. 

എല്ലായിടങ്ങളിലും മികച്ച സ്വീകരണത്തോടുകൂടിയാണ് ജനങ്ങൾ കലാജാഥയെ എതിരേറ്റത്. ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും അനുഗമിച്ചു. പലയിടങ്ങളിലും കലാജാഥയ്‌ക്കൊപ്പം കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച കലാപരിപാടികൾ ജനപ്രീതി നേടി. 

കലാജാഥ ശനിയാഴ്ച ഒല്ലൂക്കര മണ്ഡലത്തിലാണ് എത്തുക. മാന്ദാമംഗലം, പുത്തൂർ, കുട്ടനെലൂർ, മരത്താക്കര, ഒല്ലൂർ, ആനക്കല്ല് എന്നിവിടങ്ങളിൽ പര്യടനം നടത്തും. 

കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തിലാണ് കലാജാഥ സംഘടിപ്പിക്കുന്നത്. കൊച്ചിന്‍ കലാഭവന്‍ രാജേഷിന്റെ നേതൃത്വത്തില്‍ രംഗശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാരാണ് കലാപരിപാടികളോടെ ജാഥ നയിക്കുന്നത്. എന്റെ കേരളം മേളയുടെ വിളംബര വീഡിയോകളും കലാജാഥയിൽ പ്രദര്‍ശിപ്പിച്ചു. പാട്ടും അഭിനയവും മിമിക്രിയും ഉള്‍പ്പെടെ വിവിധ പരിപാടികളിലൂടെ എന്റെ കേരളം എക്‌സിബിഷന്റെ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് കലാജാഥയുടെ ലക്ഷ്യം. എട്ട് ദിവസങ്ങളിലായി ജില്ലയിലെ 13 നിയോജക മണ്ഡലത്തിലും പര്യടനം നടത്തുന്ന കലാജാഥ മെയ് 8ന് തൃശൂരില്‍ സമാപിക്കും.

date