Skip to main content
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനം മന്ത്രി ആർ ബിന്ദു നിർവഹിക്കുന്നു

34 കുടുംബങ്ങൾക്ക് സ്വപ്നസാക്ഷാത്കാരവുമായി ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌

സംസ്ഥാനത്ത് ഭൂരഹിതരും ഭവനരഹിതരുമായി ആരുമുണ്ടാവരുതെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമാണ് ലൈഫ് പദ്ധതി വഴി കേരളത്തിൽ നടക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ 2021- 22 സാമ്പത്തിക വർഷത്തെ പിഎംഎവൈ (ഗ്രാമീൺ) ആവാസ് പദ്ധതിയിൽ നാല് പഞ്ചായത്തുകളിലായി പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ കൈമാറ്റം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കയറിക്കിടക്കാൻ സുരക്ഷിതമായ ഒരിടം എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്ന സാക്ഷാത്കാരമാണ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തതെന്ന് മന്ത്രി പറഞ്ഞു. 
 

വായുവും വെള്ളവും ഭക്ഷണവും കഴിഞ്ഞാൽ പാർപ്പിടമാണ് മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. കേരളത്തിലെ അതിദരിദ്രരെ മൈക്രോ പ്ലാൻ സർവ്വേയിലൂടെ കണ്ടെത്തി അവർക്ക് കൈത്താങ്ങാവുകയാണ്  സർക്കാർ ലക്ഷ്യം. സാമൂഹ്യനീതിയിൽ കേന്ദ്രീകരിക്കുന്ന വികസനമാണ് കേരള വികസന മോഡൽ. സമഭാവനയുടെ നവ കേരളമാണ് സർക്കാർ സൃഷ്ടിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

 ഇരിങ്ങാലക്കുട ബ്ലോക്കിലെ കാറളം, കാട്ടൂർ, പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലെ ജനങ്ങൾക്കാണ്  സ്വപ്നഭവനം നിർമിച്ചു നൽകിയത്. താക്കോൽദാന ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ അധ്യക്ഷത വഹിച്ചു. മോഹനൻ വലിയാട്ടിൽ, മറിയാമ ആന്റണി, ലത ചന്ദ്രൻ, ഇ കെ അനൂപ്, ടി വി ലത, സുനിൽ മാങ്ങാന്ത്ര, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

date