Skip to main content

'കരുതലും കൈത്താങ്ങും' അദാലത്തിനൊരുങ്ങി മുകുന്ദപുരം താലൂക്ക്

'കരുതലും കൈത്താങ്ങും'  പൊതുജന പരാതി പരിഹാര അദാലത്ത് മെയ് 16ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ വച്ച് ജില്ലയിലെ മൂന്ന് മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കും. അദാലത്തിലേക്കുള്ള അപേക്ഷകൾ അന്നേ ദിവസവും സ്വീകരിക്കുന്നതാണെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതിയോഗത്തിൽ തഹസിൽദാർ പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ വൈസ്ചെയർമാൻ ടി വി ചാർലി  യോഗത്തിൽ അധ്യക്ഷനായി.

മഴക്കാലപൂർവ്വ മുന്നൊരുക്കങ്ങളുടെ ഭാഗമായി തോടുകളും കാനകളും വൃത്തിയാക്കുക, മരങ്ങളുടെ ശിഖരങ്ങൾ വെട്ടി മാറ്റുക തുടങ്ങിയ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് യോഗം നിർദ്ദേശം നൽകി. മഴക്കാലത്ത്‌ വൈദ്യുത അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കെഎസ്ഇബിയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളിൽ നിന്നും രണ്ടു പേർക്ക് വീതം ട്രെയിനിങ് നൽകുന്ന പരിപാടി മെയ്‌ 10ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വച്ച് നടത്തുമെന്ന് കെഎസ്ഇബി അറിയിച്ചു.

യോഗത്തിൽ  മുകുന്ദപുരം തഹസീൽദാർ കെ ശാന്തകുമാരി, വിവിധ ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date