Skip to main content

കുമ്പളങ്ങി നിവാസികളുടെ പൊതു കളിസ്ഥലം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു

കുമ്പളങ്ങി നിവാസികളുടെ ചിരകാല സ്വപ്നമായ പൊതു കളിസ്ഥലം യാഥാര്‍ത്ഥ്യമാകുന്നു. കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ കല്ലഞ്ചേരി ബണ്ട്‌റോഡിലെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 2 ഏക്കര്‍ 39 സെന്റ് സ്ഥലത്താണ് യുവാക്കളും കായികപ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊതു കളിസ്ഥലം ഒരുങ്ങുന്നത്. 

പഞ്ചായത്ത് ഭരണസമിതിയുടെ ഏറെകാലത്തെ പരിശ്രമഫലമായാണ് പൊതു കളിസ്ഥലം യാഥാര്‍ത്ഥ്യമാകുന്നത്. 25 വര്‍ഷം മുമ്പ് എക്കല്‍ നീക്കി ഉണ്ടായ സ്ഥലത്തെ ഒരേക്കര്‍ ഭൂമി കളിസ്ഥലത്തിനായും ഒരേക്കര്‍ ഭൂമി ജിസിഡിഎയുടെ സഹകരണത്തോടെ സ്‌ളോട്ടര്‍ ഹൗസ് നിര്‍മ്മിക്കാനുമാണ് പഞ്ചായത്തിന്റെ ലക്ഷ്യം. 

കുമ്പളങ്ങിയുടെ മുഖമുദ്രതന്നെ മാറ്റിമറിക്കുന്ന കളിസ്ഥലത്തിനായി പഞ്ചായത്ത് 15 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതുകൂടാതെ, ജില്ലാപഞ്ചായത്തില്‍ നിന്നും എംഎല്‍എ, എംപി ഫണ്ടില്‍ നിന്നും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വേലിയേറ്റ സമയത്ത് വെള്ളം കയറുന്ന കളിസ്ഥലത്ത് കല്ലുകെട്ടി പൊക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടക്കുക. തുടര്‍ന്ന് ടര്‍ഫ് ഗ്രൗണ്ടായി സജ്ജീകരിക്കാനാണ് പദ്ധതിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബുവും വൈസ് പ്രസിഡന്റ് പി.എ സഗീറും പറഞ്ഞു.

date