Skip to main content

ചാലിക്കര നിവാസികളുടെ ദുരിതത്തിന് അറുതിയാകുന്നു; റിഫൈനറി ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകും

വടവുകോട് പുത്തൻകുരിശ് പഞ്ചായത്തില ചാലിക്കരയിലെ നിവാസികളുടെ ദുരിതത്തിന് അറുതിയാകുന്നു. ഇവിടുത്തെ  16 കുടുംബങ്ങളുടെയും  ഭൂമി ഏറ്റെടുക്കുന്നതിന് കൊച്ചിൻ റിഫൈനറിക്ക് സർക്കാർ അനുമതി നൽകി.   പി.വി. ശ്രീനിജിൻ എം.എൽ.എ സർക്കാർ തലത്തിൽ നടത്തിയ ഇടപെടലുകളാണ് ഇതിന് വഴിയൊരുക്കിയത്. 54,88,52,369 രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. 

റിഫൈനറിയുടെ മോട്ടോർ സ്പിരിറ്റ് ബ്ലോക്കിന് വേണ്ടി സമീപത്തെ ഭൂമിയെല്ലാം ഏറ്റെടുത്തിരുന്നെങ്കിലും റവന്യൂ പുറമ്പോക്കായതിനാൽ ഈ കുടുംബങ്ങളുടെ വസ്തുവകകൾ ഏറ്റെടുക്കാൻ റിഫൈനറി അധികൃതർ തയാറായിരുന്നില്ല. വീടിൻ്റെയും മറ്റും അറ്റകുറ്റപണികൾ നടത്താൻ കഴിയാതെയും അടിയന്തര ആവശ്യങ്ങൾക്ക് വായ്പയെടുക്കാൻ കഴിയാതെയും പ്രദേശവാസികൾ ബുദ്ധിമുട്ടിലായിരുന്നു. ഇവർ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ആറ് വർഷമായി യാതൊരു മാറ്റവും സംഭവിച്ചിരുന്നില്ല.

പിന്നീട് വിഷയത്തിൽ പി.വി ശ്രീനിജിൻ എം.എൽ.എ ഇടപെടുകയായിരുന്നു. തുടർന്ന് റിഫൈനറിക്ക് വിട്ടു നൽകുന്നതിൽ നിയമ തടസമില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടറും ലാൻ്റ് റവന്യൂ കമ്മീഷണറും സർക്കാരിന് റിപ്പോർട്ട് നൽകി. ഇതിന് പിന്നാലെ പുത്തൻകുരിശ് വില്ലേജിലെ ബ്ലോക്ക് 30ൽ പെട്ട 578.55 ആർ.ആർ റവന്യൂ പുറമ്പോക്ക് ഭൂമി 54,88,52,369 രൂപ ഈടാക്കി റിഫൈനറിക്ക് വിട്ടു നൽകാൻ സർക്കാർ ഉത്തരവിറക്കി കഴിഞ്ഞു.  ഇവിടെ ഏറ്റെടുക്കുന്ന സ്ഥലത്തിന് ഉടമകൾക്ക് 9.60 ലക്ഷം വീതവും വീടുകൾക്ക് ആനുപാതികമായും നഷ്ടപരിഹാരം ലഭിക്കും.

date