Skip to main content
എന്റെ കേരളം പ്രദർശന വിപണന മേള മെഗാ എക്സിബിഷന്റെ ഭാഗമായുള്ള കലാ സാംസ്കാരിക പരിപാടിയിൽ ," വജ്ര ജൂബിലി കലാകാരൻമാർ അവതരിപ്പിച്ച ഫ്യുഷൻ പെർഫോർമൻസ്

താളപെരുമഴ തീർത്ത് വജ്ര ജൂബിലി ഫെല്ലോഷിപ്പ് വാദ്യകലാകാരന്മാർ

വടക്കുനാഥന്റെ സായംസന്ധ്യയിൽ വാദ്യവിസ്മയമൊരുക്കി വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാര്‍. എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിൽ താളപെരുമഴ തീർത്ത് വാദ്യകലാകാരന്മാർ കാണികളുടെ മനം കവർന്നു. മിഴാവ്, ചെണ്ട, മദ്ദളം, തിമില, മൃദംഗം തുടങ്ങിയ വാദ്യമേളങ്ങളുടെ ഫ്യൂഷൻ തേക്കിൻകാട് മൈതാനിയെ സംഗീത സാന്ദ്രമാക്കി. കലാസന്ധ്യ ആസ്വദിക്കാൻ റൂറൽ എസ്പി ഐശ്വര്യ ഡോംഗ്രയും എത്തിയിരുന്നു.

ഹംസധ്വനി രംഗാത്തിലെ വാ താപി ഗണപതിം ഭജേഹം എന്നാരംഭിച്ച് എ ആർ റഹ്മാൻ അനശ്വരമാക്കിയ അജ്ഞലീ അജ്ഞലി, കാതൽ റോജ, മലയാള സിനിമയിലെ നിത്യഹരിതഗാനങ്ങളായ അമ്പലപ്പുഴയിൽ ഉണ്ണിക്കണ്ണനോടു നീ, തുമ്പി വാ തുടങ്ങി ഒരു മുറൈ വന്ത് പാർത്തായാ എത്തിയപ്പോഴേക്കും ജനം ആർത്തുവിളിച്ചു. 

വിഷ്ണുജിത്ത് ഉണ്ണികൃഷ്ണൻ, അരുൺ പ്രസാദ്, നവനീത്, കലാമണ്ഡലം മധു, പെരുവനം വിനു പരമേശ്വരൻ മാരാർ, എന്നിവരാണ് വാദ്യകലാ സന്ധ്യയെ ആസ്വാദകരമാക്കിയത്.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ നാലാം ദിനം വജ്രജൂബിലി കലാകാരന്മാർ കലാസന്ധ്യയിൽ താളപെരുമഴ തീർത്തു.

സാംസ്കാരിക വകുപ്പ് തെരഞ്ഞെടുത്ത 1000 കലാകാരന്മാർക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി പരിശീലനം നൽകുന്ന പദ്ധതിയാണ് വജ്ര ജൂബിലി ഫെല്ലോഷിപ്പ്.

date