Skip to main content

ഡെസ്റ്റിനേഷൻ ചലഞ്ച് : മാണിക്യമംഗലം തുറയോട് ചേർന്ന് ഓപ്പൺ ജിമ്മും പാർക്കും വരുന്നു

 

സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്തിലെ മാണിക്യമംഗലം തുറയോട് ചേർന്ന് ഓപ്പൺ ജിമ്മും പാർക്കും വരുന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഒരു വിനോദസഞ്ചാരകേന്ദ്രമെങ്കിലും വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂറിസം വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്.

 കാലടി- മഞ്ഞപ്ര റോഡിൽ മാണിക്യമംഗലം തുറയോട് ചേർന്ന സ്ഥലത്ത് ഓപ്പൺ ജിമ്മും പാർക്കും നിർമ്മിക്കുന്നതിന് 1,07,85,000 രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. റോജി എം ജോൺ എം.എൽ.എയുടെ ഫണ്ടിൽ നിന്നും 49.15ലക്ഷം രൂപയും, ടൂറിസം വകുപ്പിന്റെ 48.85ലക്ഷം രൂപയും, കാലടി ഗ്രാമപഞ്ചായത്തിന്റെ 9.85 ലക്ഷം രൂപയും ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.

വാക്ക് വേ, ഓപ്പൺ ജിം, കുട്ടികൾക്കുള്ള വിനോദ ഉപകരണങ്ങൾ, ടോയ്ലറ്റ് ബ്ലോക്ക്, പ്രാദേശിക സൗന്ദര്യവൽക്കരണം, ലൈറ്റിംഗ് സംവിധാനം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് നടപ്പിലാക്കുന്നത്. മാണിക്യമംഗലം തുറയുടെ വികസനവും ടൂറിസം സാധ്യതകളും വർഷങ്ങളായി പ്രദേശ വാസികളുടെ ആവശ്യമാണ്. റോജി. എം. ജോൺ എം.എൽ. എയുടെ ഇടപെടലിനെ തുടർന്നാണ് വികസനത്തിന് ആവശ്യമായ പദ്ധതി രൂപീകരിച്ചത്.
 ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കായാണ് നിലവിൽ തുക അനുവദിച്ചിരിക്കുന്നത്. പ്രാദേശികമായി ടൂറിസം സാധ്യതകൾ വളർത്തിയെടുക്കുക ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

date