Skip to main content

വിദ്യാര്‍ഥികളുടെ നൂതനാശയങ്ങള്‍ സാക്ഷാത്കരിക്കാനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കും: മന്ത്രി ഡോ. ആര്‍. ബിന്ദു

 

ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദ്യാര്‍ഥികളുടെ നൂതനാശയങ്ങള്‍ സാക്ഷാത്കരിക്കാനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കുകയെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. തൃക്കാക്കര ഗവ. മോഡല്‍ എന്‍ജിനീയറിംഗ് കോളേജില്‍ പി.ജി. ബ്ലോക്കിന്റെ മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യ വിപുലീകരണത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട്, റൂസോ, കിഫ്ബി ഫണ്ട് മുതലയാവ ഉപയോഗിച്ച് കലാലയങ്ങളിലും സര്‍വകലാശാലകളിലും ഏറ്റവും മികച്ച അടിസ്ഥാന സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും അക്കാദമിക് നിലവാരം ഉയര്‍ത്തുകയും ചെയ്തതുപോലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണ് ഈ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞ രണ്ട് ബജറ്റുകളില്‍ ആയിരം കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റിവെച്ചത്. 

യുവതലമുറയ്ക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തില്‍ ഒരുക്കിക്കൊണ്ട് കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും എന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിന്റെ പ്രകടമായ ആവിഷ്‌ക്കാരം എന്ന നിലയിലാണ് കേരളത്തിന്റെ സ്വന്തം പദ്ധതിയായ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മൂന്ന് റിസര്‍ച്ച് പാര്‍ക്കുകള്‍ കൂടി കേരളത്തില്‍ ആരംഭിക്കും. കേരള സാങ്കേതിക സര്‍വകലാശാലയ്ക്ക് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനായി ഏറ്റെടുത്ത ഭൂമിയില്‍ ഒരുഭാഗം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മെഷീന്‍ ലേണിംഗിന്റെയും റോബോട്ടിക്‌സിന്റെയും കാലത്ത് മികവിന്റെ കേന്ദ്രമായാണ് മോഡല്‍ എന്‍ജിനീയറിംഗ് കോളേജ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മോഡല്‍ എന്‍ജിനീയറിംഗ് കോളേജിലെ ഐഡിയ ലാബ് വിപുലീകരിക്കണം. വിദ്യാര്‍ഥികളില്‍ സംരംഭക ശേഷി വളര്‍ത്തിയെടുക്കണം. പൂര്‍വ വിദ്യാര്‍ഥികളുമായുള്ള സഹകരണം ശക്തിപ്പെടുത്തണം. മോഡല്‍ എന്‍ജിനീയറിംഗ് കോളേജിന്റെ വികസനത്തിനായി ജനപ്രതിനിധികളെയും പൂര്‍വ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി കലാലയ വികസന സമിതി രൂപീകരിക്കണം. കൂടുതല്‍ സ്മാര്‍ട്ട് ക്ലാസ് മുറികളും പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലും വികസിപ്പിക്കണം. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ആയിരം സ്റ്റുഡന്റ് പ്രൊജക്ടുകള്‍ നടപ്പാക്കുന്ന പ്രവര്‍ത്തനവും സാങ്കേതിക സര്‍വകലാശാല നടത്തിവരുന്നു. കേരളത്തെ നവവൈജ്ഞാനിക സമൂഹമായി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സര്‍വകലാശാലകളും കലാലയങ്ങളും ഉത്പാദിപ്പിക്കുന്ന അറിവുകള്‍ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിലാകണം. സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താന്‍ യുവാക്കളുടെ നൂതനാശയങ്ങള്‍ക്ക് കഴിയണം. കൃഷി, വ്യവസായം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും റോബോട്ടിക്‌സിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. നാടിന് ഇണങ്ങുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ നമുക്ക് കഴിയണം. 

വൈജ്ഞാനിക സമ്പദ് ഘടന പടുത്തുയര്‍ത്താനാണ് ശ്രമിക്കുന്നത്. അറിവുകള്‍ മൂലധനമാക്കി സാമ്പത്തിക ഘടനയെ പുഷ്ടിപ്പെടുത്താന്‍ കഴിയണം. വിജ്ഞാനത്തെ മൂലധനമാക്കി മാറ്റിക്കൊണ്ട് കേരളത്തിന്റെ സമ്പദ്ഘടന ഭദ്രമാക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും കഴിയുന്ന സംഭാവനകള്‍ നല്‍കാന്‍ സാങ്കേതിക വിദ്യഭ്യാസത്തിന്റെ കരുത്തുള്ള യുവതലമുറയ്ക്ക് കഴിയണം. സമൂഹത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന ഉത്പന്നങ്ങളും പ്രക്രിയകളും വികസിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ രംഗത്തിന് കഴിയണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ഇനത്തില്‍ അനുവദിച്ച മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച  9622 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിലെ പിജി ബ്ലോക്കില്‍ നാല് ക്ലാസ് മുറികള്‍, രണ്ട് ലാബുകള്‍ എന്നിവയും ഫാക്കല്‍റ്റി മുറികളും ക്രമീകരിച്ചിട്ടുണ്ട്. 

ഉമ തോമസ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍, കൗണ്‍സിലര്‍ ഇ.പി. ഖാദര്‍ കുഞ്ഞ്, എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല ഡീന്‍ ഡോ. വിനു തോമസ്, പി.ടി.എ വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി വി.ഗൗതം, മോഡല്‍ എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി. ജേക്കബ് തോമസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഡോ. പി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date