Skip to main content

കരുതലും കൈത്താങ്ങും; അക്ഷയ കേന്ദ്രങ്ങളില്‍ സൗജന്യമായി അപേക്ഷ നല്‍കാം 

 

969 പരാതികളില്‍ നടപടി പൂര്‍ത്തിയായി 

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്കുതല പരാതി പരിഹാര അദാലത്തില്‍ സജ്ജമാക്കുന്ന അക്ഷയ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി അപേക്ഷ നല്‍കാം. അദാലത്ത് ദിവസം നേരിട്ട് പരാതികളുമായി എത്തുന്നവര്‍ക്കായി സജ്ജീകരിക്കുന്ന അക്ഷയ കേന്ദ്രങ്ങളിലും റവന്യൂ കൗണ്ടറുകളിലുമാണ് പൊതുജനങ്ങള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നത്. നേരത്തേ ഓണ്‍ലൈനായി അക്ഷയ കേന്ദ്രങ്ങളില്‍ ഫീസ് ഈടാക്കിയാണ് അപേക്ഷ സ്വീകരിച്ചിരുന്നത്. 

 ജില്ലയിലെ ഏഴ് താലൂക്കുകളില്‍ വിവിധ വകുപ്പുകളിലായി ലഭിച്ച 2713 അപേക്ഷകളില്‍ നിന്ന് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തിരഞ്ഞെടുത്ത
1453 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ഇതുവരെ 969 പരാതികളില്‍ നടപടി പൂര്‍ത്തീകരിച്ചു. 

മെയ് 15ന് കണയന്നൂര്‍ താലൂക്കിലാണ് ജില്ലയിലെ ആദ്യ അദാലത്ത് നടക്കുന്നത്. താലൂക്കില്‍ ലഭിച്ച 370 പരാതികളില്‍ 201 പരാതികളുടെ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.  എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 10ന് തുടങ്ങുന്ന അദാലത്തിലേക്ക് ജനങ്ങള്‍ എത്തിച്ചേരുന്നതിനനുസരിച്ച് ടോക്കണ്‍ നല്‍കിയാണ് പരാതികള്‍ പരിഗണിക്കുക. ലഭിച്ച പരാതികളുടെ നടപടി പൂര്‍ത്തീകരിക്കുന്നതിനനുസരിച്ച് അപേക്ഷകര്‍ക്ക് സന്ദേശങ്ങള്‍ കൈമാറുന്നുണ്ട്.  

എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന അദാലത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും. വിവിധ വകുപ്പുകളെ സംബന്ധിച്ചുള്ള പരാതികള്‍ തീര്‍പ്പാക്കാന്‍ അദാലത്തിന് നേതൃത്വം നല്‍കുന്ന മന്ത്രിമാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഹരിത മാര്‍ഗരേഖ പാലിച്ചായിരിക്കും അദാലത്ത് നടക്കുക.

മെയ് 16ന് പറവൂര്‍ താലൂക്കില്‍ നടക്കുന്ന അദാലത്തിലേക്ക് ലഭിച്ച 226 പരാതികളില്‍ നടപടി പൂര്‍ത്തീകരിച്ചു. പറവൂര്‍ താലൂക്കില്‍ 326 പരാതികളാണ് ആകെ ലഭിച്ചത്. ആലുവ താലൂക്കില്‍ ലഭിച്ച 330 പരാതികളില്‍ 117 പരാതികളുടെ നടപടികള്‍ പൂര്‍ത്തീകരിച്ചു. കൊച്ചിയില്‍ ലഭിച്ച 236 പരാതികളില്‍ 114 പരാതികളില്‍ നടപടി പൂര്‍ത്തീകരിച്ചു. കുന്നത്തുനാട്  താലൂക്കില്‍ ലഭിച്ച 322 പരാതികളില്‍ 138 എണ്ണത്തിന്റെയും, മൂവാറ്റുപുഴയില്‍ ലഭിച്ച 158 പരാതികളില്‍ 83 പരാതികളിലും നടപടികള്‍ സ്വീകരിച്ചു. ജില്ലയില്‍ ഏറ്റവും അവസാനം അദാലത്ത് നടക്കുന്ന കോതമംഗലം താലൂക്കിലെ 257 പരാതികളില്‍ 90 പരാതികളുടെ നടപടി പൂര്‍ത്തിയാക്കി.

date