Skip to main content
തൃശ്ശൂർ ജില്ല കുതിപ്പിലേയ്ക്കുള്ള വഴി സെമിനാർ

വികസന കുതിപ്പിലേക്കുള്ള വഴികൾ ; സെമിനാറും സംവാദവും നടന്നു

ജില്ലയുടെ വികസന കുതിപ്പിലേക്കുള്ള വഴികൾ പങ്കുവെച്ച് എന്റെ കേരളം പ്രദർശന വിപണമേളയിൽ സെമിനാർ സംഘടിപ്പിച്ചു.    ജില്ലയിലെ തനത് വിഭവങ്ങൾ, ഭൂമിശാസ്ത്ര പ്രത്യേകതകൾ, സംസ്കാരിക തനിമകൾ  എന്നിവയുടെ  സവിശേഷതകൾ അടിസ്ഥാനമാക്കിയ സമഗ്ര വികസനം സെമിനാറിൽ ചർച്ച ചെയ്തു.

 പ്രാദേശിക പ്രത്യേകതകൾ കൂടി  അനുസരിച്ച് ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ജില്ലയുടെ വികസനം സാധ്യമാക്കും.  നൂതന വികസന സാങ്കേതിക ആശയങ്ങൾ നൽകുന്ന ക്യാമ്പസുകളെ വികസന കുതിപ്പിനായി  ഇതിനായി കൈകോർത്തു നിർത്തും.   

പ്രാദേശികമായുള്ള പ്രധാന വ്യവസായങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് തൊഴിലും വിപണിയും ഒരുക്കും. റോഡ് ഗതാഗത സൗകര്യങ്ങൾ, വ്യവസായ ഇടനാഴികൾ, ഐ ടി , വാണിജ്യ കേന്ദ്രങ്ങളുടെ വികസനം, ടൂറിസം, സംസ്കാരിക, തീരദേശ,  വന മേഖലയുടെ വികസനം തുടങ്ങി സമഗ്രമായ ഭാവിയെ മുന്നിൽ കണ്ടുള്ള  ജില്ലയുടെ വികസന മാതൃകയാണ് സെമിനാർ മുന്നോട്ടുവച്ചത്.

കാലാവസ്ഥ വ്യതിയാന കാലഘട്ടത്തിൽ  ഭൂപ്രകൃതിയെ പരിഗണിച്ച് നൈപുണ്യ വികസനത്തിലൂടെ നല്ല തൊഴിൽ സാധ്യതകൾ കണ്ടെത്തി വിനോദ സഞ്ചാര മേഖലയിലെ ജില്ലയുടെ സാദ്ധ്യതകൾ അറിഞ്ഞാകും മുന്നോട്ടുള്ള വികസനം. തീരദേശ ഹൈവേ, നാഷണൽ ഹൈവേ, ജല ഗതാഗത മാർഗ്ഗങ്ങൾ എന്നിങ്ങനെ ഗതാഗതരംഗത്തുള്ള  ജില്ലയ്ക്കുള്ള മേൽകൈ,  തുടങ്ങിയ പ്രത്യേകതകളെ  വികസന മാതൃകയിൽ പ്രയോജനപ്പെടുത്തും.

പ്രകൃതി ദുരന്ത സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട്  സുസ്ഥിര ജീവിത വികസനത്തിന്  ഇടപെടലുകൾ നടത്തണം. വൃത്തിയുള്ള തൃശ്ശൂർ വളരെ എളുപ്പമാണെന്നും എന്റെ കേരളത്തിനൊപ്പം എന്റെ തൃശൂരും മുന്നോട്ട് എന്നും സംവാദത്തിൽ  പറഞ്ഞു.

കേരളത്തിൽ ഇന്ന് ദൃശ്യമാകുന്ന അടിസ്ഥാന സൗകര്യമേഖലയിലെയും ഉത്പാദന മേഖലയിലെയും സംരംഭകത്വ മേഖലയിലെയും കുതിപ്പുകളുടെ പശ്ചാത്തലത്തിലാണ് തൃശൂർ ജില്ലയുടെ വികസന സാദ്ധ്യതകൾ ആരായുന്ന സെമിനാറും സംവാദങ്ങളും സംഘടിപ്പിച്ചത്.

കരിയർ എക്സ്പോ പവിലിയനിൽ നടന്ന
വികസന സെമിനാർ മേയർ എം കെ വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റർ അധ്യക്ഷനായി. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.ജിജു പി അലക്സ്,കില അർബൺ ചെയർ പ്രൊഫസർ ഡോ അജിത് കാളിയത്ത്, തൃശ്ശൂർ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് കെ പോൾ തോമസ് തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. കില ഡയറക്ടർ ജോയ് ഇളമൻ മോഡറേറ്ററായി.

മുൻസിപ്പൽ ചേംബർ അസോസിയേഷൻ അധ്യക്ഷൻ എം കൃഷ്ണദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ബസന്ത്‌ ലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി  ടി വി സുരേന്ദ്രൻ, ജനകീയ ആസൂത്രണം ജില്ലാ ഫിസിലിറ്റേറ്റർ എം ആർ അനൂപ് കിഷോർ, തൃശ്ശൂർ ജില്ലാ ടൗൺ പ്ലാനർ കെ ആർ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

date