Skip to main content
karthu

കരുതലും കൈത്താങ്ങും അദാലത്ത്: സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനൊരുങ്ങി കാർത്തു

 

മഴക്കാലമായാൽ വെള്ളം കയറുകയും താമസിക്കാൻ സൗകര്യമില്ലാത്ത ഷീറ്റ് മേഞ്ഞ വീട്ടിലാണ്  കോട്ടുവള്ളി പഞ്ചായത്തിൽ അരയ്ക്ക പറമ്പ് വീട്ടിൽ കെ.കെ കാർത്തുവും ഭർത്താവും 93 വയസായ  അമ്മയും അന്തിയുറങ്ങുന്നത്. സൗകര്യമില്ലാത്ത ഒറ്റമുറി വീട്ടിൽ ഓരോ നിമിഷവും ഭയത്തോടെയാണ് കഴിയുന്നത്. സംസ്ഥാന സർക്കാരിൻ്റെ ലൈഫ് ഭവനപദ്ധതിയിൽ ലിസ്റ്റിൽ ഒന്നാമതായി ഉണ്ടായിരുന്നെങ്കിലും  മകന് സ്വന്തമായി ഒരു വീട് ഉണ്ടെന്ന  കാരണത്താൽ പദ്ധതിയിൽ നിന്നും ഒഴിവാക്കി. 

ആകെയുള്ള രണ്ട് സെൻ്റ് സ്ഥലത്ത് സുരക്ഷിതമായ ഒരു കൊച്ചു വീട് പണിത് തരണമെന്ന ആവശ്യവുമായാണ് മത്സ്യത്തൊഴിലാളികളായ കാർത്തുവും  ഭർത്താവും കരുതലും കൈത്താങ്ങും അദാലത്തിൽ അപേക്ഷ സമർപ്പിച്ചത്. അദാലത്തിൽ മന്ത്രി പി രാജീവ് കാർത്തുവിന്റെ പരാതി വിശദമായി പരിശോധിച്ചു. ലൈഫിൽ അപേക്ഷ പരിഗണിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. കാർത്തുവിൻ്റെ പരാതിയെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

മകന് സ്വന്തമായി വീടില്ലെന്നും ചേരാനല്ലൂർ പഞ്ചായത്തിൽ മുക്കാൽ സെൻ്റ് സ്ഥലത്ത് ഷീറ്റ് മേഞ്ഞ  ഭാര്യവീട്ടിലാണ് മകൻ താമസിക്കുന്നതെന്നും കാർത്തു പരാതിയിൽ പറയുന്നു.

date