Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്: രാജേന്ദ്രന് മന്ത്രിയുടെ മണ്ഡലത്തിലെ സ്നേഹ പദ്ധതിയിൽ സ്നേഹവീട്

 

കരുതലും കൈത്താങ്ങും പറവൂരിൽ നടന്ന താലൂക്ക് അദാലത്തിൽ കാഴ്ച്ച പരിമിതിയുള്ള രാജേന്ദ്രന് കിട്ടിയിരിക്കുന്നത്  സ്നേഹവീട് എന്ന വെളിച്ചമാണ്. കളമശ്ശേരി മണ്ഡലത്തിലെ എം.എൽ.എ കൂടിയായ മന്ത്രി പി.രാജീവിന്റെ  സ്നേഹവീട് എന്ന സ്വന്തം പദ്ധതി വഴി കരുമാലൂർ പുതുപ്പറമ്പ് വീട്ടിൽ കെ. വി രാജേന്ദ്രനാണ് സ്നേഹവീട് ലഭിക്കുന്നത്.

ലൈഫ് പദ്ധതി വഴി വീടിന് ധനസഹായമായി ലഭിച്ച  ആദ്യഗഡു ബാങ്കിൽ നിന്നും മടങ്ങും വഴി നഷ്ടപ്പെട്ട് പോയിരുന്നു. ഈ വിവരം ലൈഫ് മിഷനിൽ പരാതിയായി  നൽകിയിരുന്നു. എന്നാൽ ലൈഫ് മിഷൻ പണം ലഭിച്ചിട്ടും  വീട് പണി ആരംഭിക്കാത്തതിനാൽ കരുമാലൂർ പഞ്ചായത്ത് അധികൃതർ പണം തിരികെ ആവശ്യപ്പെട്ടു. ഇത് ഒഴിവാക്കുവാനും മുടങ്ങിക്കിടന്ന വീടുപണി പൂർത്തിയാക്കുവാനും വേണ്ടിയാണ്   അദാലത്തിൽ പരാതി നൽകിയത്. ഭാര്യ തങ്കമണിയും മകൻ വിഷ്ണുവും  ആസ്മ രോഗികളായതിനാൽ  പണിക്കു പോകാൻ ബുദ്ധിമുട്ടാണെന്നും തന്റെ കടയിൽ നിന്നുള്ള വരുമാനമാണ് കുടുംബത്തിന്റെ ആശ്രയമെന്നും  രാജേന്ദ്രൻ പരാതിയിൽ പറയുന്നു. രാജേന്ദ്രന്റെ പരാതി കേട്ടയുടനെ മന്ത്രി പി. രാജീവ് തന്റെ  മണ്ഡലത്തിലെ സ്വന്തം പദ്ധതിയായ സ്നേഹവീടിൽ ഒരു വീട് അനുവദിക്കാമെന്ന് അറിയിച്ചത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പരിഹാര നിർദ്ദേശം സ്വീകരിച്ചു. തുടർന്നാണ് രാജേന്ദ്രന് സ്നേഹവീട് നൽകാൻ  തീരുമാനമെടുത്തത്. കളമശ്ശേരി മണ്ഡലത്തിൽ ഇതുവരെ 5 സ്നേഹവീടാണ് മന്ത്രി നൽകിയിട്ടുള്ളത്. ഇതിൽ രണ്ടു വീടുകളുടെ താക്കോൽദാനം  കഴിഞ്ഞു. മൂന്നു വീടുകളുടെ പണി പൂർത്തിയായി കൊണ്ടിരിക്കുകയാണ്. രാജേന്ദ്രന്റെ വീട് കൂടിയാകുമ്പോൾ കളമശ്ശേരി മണ്ഡലത്തിൽ സ്നേഹവീടുകളുടെ എണ്ണം ആറാകും. പരാതിക്കാരന്റെ നിലവിലെ അവസ്ഥ പരിശോധിച്ചു ഉടനെ തന്നെ സ്നേഹ വീടിന്റെ നിർമ്മാണം നടത്തും.

date