Skip to main content

വനിതകളിലൂടെ സുസ്ഥിര സാമ്പത്തിക വികസനം ;    പുതിയ പദ്ധതിയുമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്

 

വനിതകളിലൂടെ നാടിന്റെ സുസ്ഥിര സാമ്പത്തിക വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്. കുടുബശ്രീയുടെ രജത ജൂബിലിയുമായി ബന്ധപ്പെട്ടാണ് സ്ത്രീ ശാക്തീകരണത്തോടൊപ്പം സുസ്ഥിര സാമ്പത്തിക വികസനവും സാധ്യമാക്കുക എന്ന ഉദ്ദേശത്തിൽ പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. 

പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് കൃഷിയിലും അനുബന്ധ മേഖലകളിലും പരമ്പരാഗത കുടിൽ വ്യവസായങ്ങൾ, കൈതൊഴിലുകൾ എന്നിവയിലും സൗജന്യ സാങ്കേതിക സഹായവും പരിശീലനവും നൽകും. ഇത്തരം സംരംഭങ്ങൾ നടത്തുന്നതിനുള്ള വായ്പകൾ ലഭ്യമാക്കുന്നതിനും പഞ്ചായത്ത് ആവശ്യമായ ഇടപെടലുകൾ നടത്തും. വനിതകൾ നടത്തുന്ന കൃഷി അനുബന്ധ മേഖലകളിലെ  ഉൽപ്പന്നങ്ങൾ  ഇടനിലക്കാരില്ലാതെ വിപണനം നടത്തുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാരപ്പെട്ടിയിൽ ആരംഭിക്കുന്ന കർഷകമാർക്കറ്റിൽ പ്രത്യേക സൗകര്യം ഒരുക്കും. പരമ്പരാഗത കുടിൽ വ്യവസായങ്ങൾ വഴി ഉത്പാദിപ്പിക്കുന്ന ഉൽപന്നങ്ങളും ഇടനിലക്കാരില്ലാതെ വിപണനം ചെയ്യാൻ അവസരമുണ്ടാക്കും. 

 
കൃഷി, കൈെത്തൊഴിൽ, കുടിൽ വ്യവസായങ്ങൾ എന്നീ ഏതെങ്കിലും മേഖലയിൽ നിന്ന് ഒരോ കുടുബത്തിലെയും വനിതകൾക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതികളാണ് പഞ്ചായത്ത് കുടുംബശ്രീ രജത ജൂബിലിയോട് അനുബന്ധിച്ച് നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ  വാരപ്പെട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കുടുബശ്രീ അംഗങ്ങൾക്കായി സെമിനാർ സംഘടിപ്പിച്ചിരുന്നു. 

വരും ദിവസങ്ങളിൽ തുടർപ്രവർത്തനങ്ങൾ ആരംഭിക്കും. ആദ്യം ഓരോ പ്രദേശത്തും ആവശ്യമായ കാർഷിക ഉൽപന്നങ്ങൾ എത്രത്തോളമാണെന്ന് കണ്ടെത്താൻ സർവേ സംഘടിപ്പിക്കുമെന്നും ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പിലാക്കുകയെന്നും വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ പറഞ്ഞു.

date