Skip to main content

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ടെലി മെഡിസിൻ സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

*ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല

*സംസ്ഥാനത്തെ 5409 സബ്‌സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി

*ആഴ്ചയിൽ ആറ് ദിവസങ്ങളിൽ രാവിലെ മുതൽ വൈകീട്ട് വരെ പരിശോധന

*ഒൻപത് തരം ലാബ് പരിശോധനകൾ, 36 തരം മരുന്നുകൾ

   കേരളത്തിലെ 5409 ആരോഗ്യ സബ്‌സെന്ററുകളെ  ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.  തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും മാതൃകാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും വൈകാതെ ടെലിമെഡിസിൻ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

    ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറിയതോടെ സബ്‌സെന്ററുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെട്ടു. ആഴ്ചയിൽ ആറു ദിവസവും ഒമ്പതു മണി മുതൽ നാലു മണിവരെ പ്രവർത്തിക്കും. ഇതോടെ കൂടുതൽ സേവനങ്ങൾ നൽകാൻ സാധിക്കും. സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ഉപകേന്ദ്രങ്ങൾ സ്മാർട്ടായി മാറുകയാണ്.  ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഒമ്പതുതരം ലാബ് പരിശോധനകളും എലിപ്പനി പ്രതിരോധ മരുന്ന് ഉൾപ്പെടെ 36 തരം മരുന്നുകളും ലഭ്യമായിരിക്കും. കേരളത്തിലെ ആരോഗ്യമേഖലയുമായുള്ള ജനങ്ങളുടെ അടിസ്ഥാനതല ബന്ധം നിലനിർത്തുന്ന സ്ഥാപനങ്ങളായി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മാറുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

     ജനകീയ ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ആരോഗ്യ ക്ലബ്ബുകൾ രൂപീകരിക്കും. രോഗപ്രതിരോധ ബോധവൽക്കരണംജീവിതശൈലിയെക്കുറിച്ച മാർഗനിർദേശങ്ങൾസാന്ത്വന പരിചരണംവയോജന പരിചരണം തുടങ്ങിയവ ക്ലബ്ബുകൾ മുഖേന നടപ്പാക്കും.

     ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.  ആരോഗ്യപ്രവർത്തകരെ ഏതെങ്കിലും തരത്തിൽ അപായപ്പെടുത്താൻ ശ്രമിക്കുന്നവരെ കർശനമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകില്ല. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഓർഡിനൻസ് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ഡോക്ടർ വന്ദന ദാസിന്റെ മരണം. ഡോക്ടറുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

     ആർദ്രം മിഷൻ രൂപീകരിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ മേഖല വലിയ തോതിലാണ് കരുത്താർജിച്ചത്. മെഡിക്കൽ കോളജുകൾ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള ശൃംഖലയുടെ ഓരോ കണ്ണിയെയും സവിശേഷമായാണ് പരിഗണിച്ചത്. 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാംരോഗ്യ കേന്ദ്രങ്ങളായി ഉയർത്താനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. അതിൽ 630 എണ്ണം കഴിഞ്ഞ മാസത്തോടെ പൂർത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്നവയും വൈകാതെ തന്നെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും.

     താലൂക്ക്ജില്ലാ ആശുപത്രികളിൽ വരെ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കി. മെഡിക്കൽ കോളജുകൾക്കു വേണ്ടി പ്രത്യേക വികസന പാക്കേജുകൾ നടപ്പാക്കുന്നുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ സാധാരണക്കാർക്ക് പ്രാപ്യമാക്കാനുള്ള നടപടികളെടുത്തു.

     5,409 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യ മേഖലയെ കൂടുതൽ ഉയർന്ന തലങ്ങളിലേക്കെത്തിക്കാൻ സഹായിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ തയാറാക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. സമഗ്രമായ പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടിൽ വരെ എത്തിക്കുക എന്നതാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

     ആർദ്രം മിഷന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായ വാർഷിക പരിശോധനമറ്റ് ക്യാമ്പയിനുകൾരോഗനിർമ്മാർജ്ജന പ്രവർത്തനങ്ങൾ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെയാവും താഴെത്തട്ടിൽ നടപ്പിലാക്കുക. ജനകീയ ആരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിനായി സബ്സെന്റർ വെൽഫെയർ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.

     ജീവിതശൈലീ രോഗങ്ങൾ മറ്റു പല അപകടകരമായ രോഗങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. സമൂഹത്തിലെ രോഗാതുരത വർധിപ്പിക്കുന്നതിൽ ജീവിതശൈലീ രോഗങ്ങൾക്ക് വലിയ പങ്കുണ്ട്. ഇതിനായി ജീവിതശൈലീരോഗ നിയന്ത്രണത്തിനായി പ്രത്യേക പരിശോധനാ പദ്ധതി നടപ്പാക്കിവരുന്നു. സർക്കാർ മേഖലയിലെ ലാബുകളെ ഹബ്ബ് ആൻഡ് സ്പോക്ക് മാതൃകയിൽ ബന്ധപ്പെടുത്തുന്നതു വഴി ആധുനിക പരിശോധനാ സംവിധാനങ്ങളും ഗുണനിലവാരവും ഉറപ്പാക്കുകയാണ്. അതിന്റെ ഫലം നല്ല രീതിയിൽ കാണാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

     നവകേരളം കർമ്മപദ്ധതി രണ്ട് ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രധാനപ്പെട്ട പ്രവർത്തനത്തിനാണ് തുടക്കമാകുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. വാർഡുകളിലെ ആരോഗ്യ കേന്ദ്രങ്ങളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. എല്ലാ പൊതുജനാരോഗ്യ പ്രവർത്തനങ്ങളും അവിടെ നിന്നും നേതൃത്വം നൽകുന്ന സാഹചര്യമുണ്ടാകണം. രോഗ പ്രതിരോധത്തിനും വലിയ പ്രാധാന്യം നൽകുന്നു. ജനകീയ പങ്കാളിത്തത്തോടെ ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നു.  ഗർഭിണികൾജീവിതശൈലീ രോഗികൾ എന്നിവർക്ക് ആരോഗ്യ അറിവുകൾ ലഭ്യമാക്കുന്നു. കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നതിന് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ കഴിയും.

     ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ വിശിഷ്ടാതിഥിയായി. എം.എൽ.എമാരായ ഡി.കെ മുരളികെ അൻസലൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർഎൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ കെ. ജീവൻ ബാബുആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീനമാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 2206/2023

date