Skip to main content

കരുതലും കൈത്താങ്ങ് അദാലത്ത്: മൂന്നാം ദിനം പരിഗണിച്ചത് 287 അപേക്ഷകൾ

 

202 അപേക്ഷകരെ നേരിൽകണ്ട് പരാതി പരിഹരിച്ച് മന്ത്രിമാരായ പി. രാജീവും, പി.പ്രസാദും

 സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആലുവ താലൂക്ക് തലത്തിൽ നടന്ന അദാലത്തിൽ 287 പരാതികൾ പരിഗണിച്ചു. വ്യവസായി വകുപ്പ് മന്ത്രി പി. രാജീവിന്റെയും കൃഷിവകുപ്പ് മന്ത്രി പി.പ്രസാദിന്റെയും  നേതൃത്വത്തിൽ ആലുവ ടൗൺ ഹാളിലാണ് അദാലത്ത് നടന്നത്. 202 പരാതികൾ മന്ത്രിമാർ നേരിട്ട് പരിശോധിച്ച് പരിഹരിച്ചു. 85 പരാതികൾ അപേക്ഷകർ എത്താത്തതിനാൽ തുടർനടപടിക്കായി മാറ്റിവെച്ചു. 163 അപേക്ഷകൾ അദാലത്ത് വേദിയിൽ നേരിട്ട് സ്വീകരിക്കുകയും ചെയ്തു 

  
അർഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ട മുൻഗണനാ റേഷൻ കാർഡുകൾ, ക്ഷേമപെൻഷനുകൾ,  അതിർത്തി തർക്കം, വഴി തർക്കം,സ്വത്ത് തർക്കം, മരം മുറിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, റവന്യു റീസർവേ, ഭൂമി പോക്കുവരവ് ചെയ്യൽ, തണ്ടപ്പേര് മാറ്റൽ, മാലിന്യസംസ്കരണം , വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, കൃഷി നാശത്തിനുള്ള ധനസഹായം തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട  അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്.

ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, സബ് കളക്ടർ പി. വിഷ്ണു രാജ്, ഡെപ്യൂട്ടി കളക്ടർർ ബി.അനിൽകുമാർ, , ഹുസൂർ ശിരസ്തദാർ കെ. അനിൽകുമാർ മേനോൻ, ആലുവ താലൂക്ക് തഹസിൽദാർ സുനിൽ മാത്യു ,  എന്നിവർ അദാലത്തിൻ്റെ മേൽനോട്ടം വഹിച്ചു. ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, തഹസിൽദാർമാർ, റവന്യൂ ജീവനക്കാർ, പഞ്ചായത്ത് വകുപ്പ് ജീവനക്കാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, കൗൺസിലർമാർ തുടങ്ങിയവർ അദാലത്തിൽ സന്നിഹിതരായി.

മെയ്‌ 22ന് കുന്നത്തുനാട് താലൂക്ക് അദാലത്ത്  പെരുമ്പാവൂര്‍ ഇ.എം.എസ് മെമ്മോറിയല്‍ ടൗണ്‍ഹാളിലും നടക്കും. കൊച്ചി താലൂക്ക് അദാലത്ത് 23ന് മട്ടാഞ്ചേരി ടി.ഡി. സ്‌കൂളിലും മൂവാറ്റുപുഴ താലൂക്ക് അദാലത്ത് 25ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളിലും നടക്കും. ജില്ലയിലെ അവസാന അദാലത്ത് മെയ് 26ന് കോതമംഗലം താലൂക്കിലെ മാര്‍ത്തോമ ചെറിയ പള്ളി കണ്‍വെന്‍ഷന്‍ സെന്ററിൽ നടക്കും.

date