Skip to main content

മാതൃകയായി  ജില്ലാ ശുചിത്വ മിഷൻ: സിവിൽ സ്റ്റേഷനിൽ സ്ഥിരം സ്വാപ്പ് ഷോപ്പ് ഉദ്ഘാടനം ചെയ്തു

 

സർക്കാർ ഓഫീസുകൾക്ക് ശുചിത്വ മിഷൻ ഒരു മാതൃകയാണെന്ന് പി. വി. ശ്രീനിജൻ എം.എൽ.എ. പറഞ്ഞു. ശുചിത്വമിഷന്റെ നേതൃത്വത്തിൽ  സിവിൽ സ്റ്റേഷനിൽ ആരംഭിച്ച സ്ഥിരം സ്വാപ്പ് ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മാലിന്യ സംസ്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മാലിന്യം കുറയ്ക്കാനും പുനരുപയോഗ- 
പുന:ചംക്രമണ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഇത്തരം ശ്രമങ്ങൾ അനിവാര്യമാണെന്നും സ്വാപ്പ് ഷോപ്പിലേക്ക്  വസ്ത്രങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടർ എൻ.എസ്.കെ. ഉമേഷ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.  സിവിൽ സ്റ്റേഷനിൽ ഇത് മാറ്റത്തിന്റെ തുടക്കമാണെന്നും ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള  പ്രവർത്തനങ്ങൾക്ക്  ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഉല്ലാസ് തോമസ് മുഖ്യാതിഥിയായി. 
ശുചിത്വമിഷന്റെ പ്രവൃത്തനങ്ങൾ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും   മാതൃകയാണെന്ന് ഉല്ലാസ് തോമസ് പറഞ്ഞു.

ഉപയോഗയോഗ്യമായ വസ്തുക്കൾ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന കേന്ദ്രമാണിത്. ഫർണിച്ചർ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗാർഹീക ഉപകരണങ്ങൾ, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുകയാണ് സ്വാപ്പ് ഷോപ്പിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തിൽ ജീവനക്കാരിൽ നിന്നും ശേഖരിച്ചിട്ടുള്ള വസ്ത്രങ്ങൾ, ആഭരണങ്ങൾ, പുസ്തകങ്ങൾ, ചെരുപ്പുകൾ തുടങ്ങിയ വസ്തുക്കളാണ് സ്വാപ് ഷോപ്പിൽ  വിതരണം ചെയ്യുന്നത് . സിവിൽ സ്റ്റേഷനിലുള്ള മറ്റു ഓഫീസുകളിലെ ജീവനക്കാർക്കോ,  സന്ദർശകർക്കോ ഷോപ്പിൽ നിന്നും സാധനങ്ങൾ വാങ്ങുകയോ  നൽകുകയോ ചെയ്യാം.

ശുചിത്വ മിഷൻ ജില്ല കോഡിനേറ്റർ കെ കെ മനോജ്, നവകേരളം മിഷൻ ജില്ലാ കോഡിനേറ്റർ  എസ്.രഞ്ജിനി ,  തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം. ഷഫീഖ് , കില ജില്ലാ ഫെസിലിറ്റേറ്റർ ജുബൈരിയ ഐസക്, ജില്ലാ ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ, റിസോഴ്സ് പേഴ്സൺമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date