Skip to main content
പുത്തൻചിറ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രിയിൽ ഐ പി വാർഡുകൾ പ്രവർത്തിക്കുന്നില്ല എന്ന ആളുകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വി ആർ സുനിൽകുമാർ എം എൽ എ സന്ദർശനം നടത്തി

പുത്തൻചിറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഐ പി പുനരാംരഭിക്കും:വി .ആർ .സുനിൽകുമാർ എം എൽ എ

പുത്തൻചിറ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രിയിൽ ഐ പി വാർഡുകൾ പ്രവർത്തിക്കുന്നില്ല എന്ന ആളുകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വി ആർ സുനിൽകുമാർ എം എൽ എ സന്ദർശനം നടത്തി സ്ഥിതിഗതികൾ പരിശോധിച്ചു.

പുത്തൻചിറയിൽ സ്ഥിതി ചെയ്യുന്ന സാമൂഹ്യ കുടുംബാരാഗ്യ കേന്ദ്രം, സൗകര്യങ്ങൾ മെച്ചപ്പെടുത്തി ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്ഘാടനം നിർവഹിച്ച കുടുംബാരോഗ്യ കേന്ദ്രം പുത്തൻചിറ ഗ്രാമത്തിലെയും തൊട്ടടുത്തുകിടക്കുന്ന പഞ്ചായത്തുകളിലെയും നിരവധി രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണ്.

ഐ പി വാർഡ് അടുത്ത ആഴ്ചയിൽ തന്നെ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു .പുതിയതായി ഒരുഡോക്ടറുടെ സേവനം വൈകിട്ട് 8 മണിവരെ ലഭ്യമാക്കുവാൻ തീരുമാനിച്ചു .ഒ പി യിൽ കൂടുതൽ രോഗികൾ വരുന്നതുകൊണ്ട് നിലവിലെ 4 ഡോക്ടർമാരുടെ സേവനം അപര്യാപ്തമാണെന്നതിനാൽ, രാത്രി 8 മണിവരെ ആശുപത്രിയിൽ ഡോക്ടറുടെ സേവനം എല്ലാദിവസവും മുടക്കം കൂടാതെ ലഭിക്കുന്നതിന് ഒരു ഡോക്ടറെ ബ്ലോക്ക് പഞ്ചായത്ത് അധികമായി നിയമിക്കാൻ ധാരണയായി.

സ്ത്രീകളുടെ ഐ പി തുടങ്ങുന്നതിന് അതിലെ സെപ്റ്റിക് ടാങ്കിൻറെ അറ്റകുറ്റപണികൾ അടിയന്തിരമായി നടത്തി രണ്ടാഴ്ചകൾക്ക് ശേഷം സ്ത്രീകളുടെ ഐപി യും പ്രവർത്തിക്കാൻ തീരുമാനിച്ചു .എം എൽ എ ആസ്തിഫണ്ട്‌ 90 ലക്ഷം ഉൾപ്പെടെ 1 .8 കോടി രൂപ ചെലവഴിച്ച് നിർമ്മാണം നടന്നു വരുന്ന ഐസൊലേഷൻ വാർഡ് നിർമ്മാണ പുരോഗതിയും വിലയിരുത്തി. ആഗസ്റ്റ് മാസത്തിനുള്ളിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ 10 ബഡ്ഡുകൾ ഉൾപ്പെടുന്ന ഐസൊലേഷൻ വാർഡ് പണി പൂർത്തീകരിക്കണമെന്ന് ചുമതലയുള്ള ടിഡിആർസി ക്ക് എം എൽ എ നിർദ്ദേശം നൽകി.

അടിയന്തിരമായി ഒരു ഡോക്ടറുടെ ക്വാർട്ടേഴ്‌സ് നിർമ്മിക്കുന്നതിനുള്ള തുക ഈ തവണത്തെ എം എൽ എ ഫണ്ടിൽ നിന്ന് വകയിരുത്താം എന്ന് യോഗത്തിൽ അറിയിച്ചു .

യോഗത്തിൽ വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷി വിനയചന്ദ്രൻ,പുത്തൻചിറ പഞ്ചായത് പ്രസിഡന്റ് റോമി ബേബി ,ഡി എം ഒ ടി പി ശ്രീദേവി, പുത്തൻചിറ പഞ്ചായത് വൈസ് പ്രസിഡന്റ് എ പി വിദ്യാധരൻ ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രമ രാഘവൻ,വാർഡ് മെമ്പർ വിഎൻ രാജേഷ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്ന അനിൽകുമാർ ,എച് എം സി മെമ്പർമാരായ കെ .വി .സുജിത് ലാൽ ,ഇ .എസ് .ശശിധരൻ പൊതുപ്രവർത്തകരായ ടി .എൻ .വേണു, ജനിൽകുമാർ എന്നിവരും മെഡിക്കൽ ഓഫീസർ ഡോ.ടി .വി ,ബിനു എന്നിവരും ആശുപത്രി ജീവനക്കാരും സന്നിഹിതരായിരുന്നു.

date