Skip to main content

സർക്കാരിന്റെ കരുതൽ ; സ്കൂൾ തുടർന്നും പ്രവർത്തിക്കും

കയ്പമംഗലം നിയോജക മണ്ഡലത്തിലെ അടച്ചു പൂട്ടാൻ ഉത്തരവായ കയ്പമംഗലം ക്ഷേമോദയം എൽപി സ്കൂൾ തുടർന്നും പ്രവർത്തിക്കാൻ സർക്കാർ ഉത്തരവായി. സ്കൂൾ ഏറ്റെടുത്ത് പ്രവർത്തിക്കാൻ മറ്റൊരാൾ തയ്യാറായ സാഹചര്യത്തിലാണ് തൽക്കാലം അധ്യാപകരെ പുനർവിന്യസിക്കേണ്ടതില്ലെന്നും വിദ്യാർത്ഥികളുടെ അധ്യയനം മുടങ്ങാതെ നടത്തുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാനും ഉത്തരവായത്.

അടച്ചുപൂട്ടാറായ കയ്പമംഗലം ക്ഷേമോദയം എൽ പി സ്കൂൾ പുതിയ മാനേജ്മെൻറ് ഏറ്റെടുക്കുകയും വിദ്യാലയം ആധുനികവൽക്കരിച്ച് മാതൃകാ വിദ്യാലയം ആക്കി മാറ്റാനുള്ള ശ്രമത്തിലാണെന്നും ജനകീയ മുന്നണികളും നാട്ടുകാരും ഇതോടൊപ്പം ഉണ്ടെന്നും ആയതിനാൽ സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ച അപേക്ഷയിലാണ് നടപടി.

1928 ൽ ലാണ് എയ്ഡഡ് വിദ്യാലയമായ ക്ഷേമോദയം എൽ പി സ്കൂൾ സ്ഥാപിതമായത്. കയ്പമംഗലം പഞ്ചായത്തിൽ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന 15, 16, 17, 19 വാർഡുകളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം. സമീപത്തെ ബലിപ്പറമ്പ് കോളനി, അകമ്പാടം കോളനി, അയിരൂർ കോളനി പുറമെ കടപ്പുറത്ത് നിന്നും കുട്ടികൾ പതിറ്റാണ്ടുകളായി പ്രാഥമിക വിദ്യാഭ്യാസത്തിന് ഈ വിദ്യാലയത്തെയാണ് തെരഞ്ഞെടുക്കുന്നത്. മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പ്, ഗ്രാമസഭകൾ, തെരഞ്ഞെടുപ്പ് പോളിങ് ബൂത്ത് എന്നിവയെല്ലാം ഇവിടെ പ്രവർത്തിക്കാറുണ്ട്.

ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ മറ്റു ജനപ്രതിനിധികൾ, സ്കൂൾ സംരക്ഷണ സമിതി, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ചേർന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് സ്കൂൾ പുതിയ മാനേജ്മെന്റ് ഏറ്റെടുത്തത്.

date