Skip to main content
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്ക്കരണ ദിനാചരണം സംഘടിപ്പിച്ചു.

മുതിർന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധനം: ബോധവത്ക്കരണം നടത്തി

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്ക്കരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം പി ബാലചന്ദ്രൻ എംഎൽഎ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ചു. സാമ്പത്തിക ഭദ്രതയുളളവർക്ക് നേരെയുള്ള അധിക്ഷേപങ്ങളും അതിക്രമങ്ങളും കുറഞ്ഞുവരുന്നതായി കാണുന്നുണ്ടെങ്കിലും ഇത്തരം പ്രവണതകൾ സമൂഹത്തിൽ നിന്ന് ഒഴിവായിട്ടില്ലെന്നത് ഖേദകരമാണെന്ന് പി ബാലചന്ദ്രൻ എംഎൽഎ അഭിപ്രായപ്പെട്ടു.

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്ക് എതിരെയുള്ള ബോധവൽക്കരണ പ്രചരണ ജാഥ സംസ്ഥാന വയോജന കൗൺസിൽ അംഗം പി പി ബാലൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ സെന്റ് തോമസ്, സെന്റ് മേരിസ് കോളേജിലെ എം.എസ്.ഡബ്ല്യൂ, ബി.എസ്.ഡബ്ല്യൂ വിദ്യാർത്ഥികൾ, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ മേഖലയിലെ മുതിർന്ന പൗരന്മാർ, ഇരിങ്ങാലക്കുട ആൻഡ് തൃശൂർ മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റമാർ, കേരള സോഷ്യൽ സെക്യൂരിറ്റി വിഭാഗത്തിലെ ഉദ്യോഗസ്ഥർ, ഓർഫനേജ് കൗൺസിലർമാർ തുടങ്ങിയ നൂറോളം ആളുകൾ പ്രചരണ ജാഥയിൽ പങ്കെടുത്തു. ടൗൺഹാൾ പരിസരത്ത് നിന്ന് തുടങ്ങിയ പ്രചരണ ജാഥ ജവഹർ ബാലഭവനിൽ സമാപിച്ചു.

സെന്റ്മേരിസ്,സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും വയോജന നിയമ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ സ്കിറ്റും നടന്നു. ഇരിങ്ങാലക്കുട ഹൗസ് ഓഫ് പ്രൊവിഡൻസിലെ മുതിർന്ന പൗരൻമാരുടെ കലാപരിപാടികളും നടന്നു. മുതിർന്ന പൗരൻമാർക്കെതിരെയുള്ള ആക്രമണങ്ങളിൽ നിയമസാധ്യതകളെ സംബന്ധിച്ച് ഡി.വൈ.എസ്.പി. വി കെ രാജു ബോധവൽക്കരണ ക്ലാസ് നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ മുഹമ്മദ് ഷഫീഖ്, മെയിന്റനൻസ് ട്രൈബ്യൂണൽ ആൻഡ് ആർ.ഡി.ഓ എം കെ ഷാജി എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോയ്സി സ്റ്റീഫൻ, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ റെജി ജോയ്, ജില്ലാ വയോജന കൗൺസിൽ അംഗം ഇ.സി.പത്മരാജൻ, പ്രൊബേഷൻ ഓഫീസർ കെ.ജി.രാഗപ്രിയ, കെ.എസ്.എസ്.എം ജില്ലാ കോഡിനേറ്റർ കെ.പി.സജീവ്, ജൂനിയർ സൂപ്രണ്ട് സിനോ സേവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date