Skip to main content

അസിസ്റ്റന്റ് കലക്ടറുടെ ഡ്രോണ്‍ ഫോട്ടോ പ്രദര്‍ശനം 17 മുതല്‍ ലളിതകലാ അക്കാദമി ഹാളില്‍

കേരള ലളിതകലാ അക്കാദമിയുമായി സഹകരിച്ച് തൃശൂര്‍ അസിസ്റ്റന്റ് കലക്ടര്‍ വി എം ജയകൃഷ്ണന്‍ ഒരുക്കുന്ന ഡ്രോണ്‍ ഫോട്ടോ പ്രദര്‍ശനം ജൂണ്‍ 17 മുതല്‍ 21 വരെ അക്കാദമിയുടെ എക്സിബിഷന്‍ ഹാളില്‍ നടക്കും. എക്സിബിഷന്റെ ഉദ്ഘാടനം 17ന് രാവിലെ 9.30 റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ കൃഷ്ണതേജ, ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, സെക്രട്ടറി എന്‍ ബാലമുരളികൃഷ്ണന്‍, സബ് കലക്ടര്‍ മുഹമ്മദ് ഷഫീക് തുടങ്ങിയവര്‍ സംബന്ധിക്കും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിഞ്ഞ ആറു മാസത്തിനിടയില്‍ പകര്‍ത്തിയ ഡ്രോണ്‍ കാമറ ഫോട്ടോകളാണ് പ്രദര്‍ശിപ്പിക്കുക. ഐഎഎസ് പരിശീലനത്തിന്റെ ഭാഗമായുള്ള കേരള ദര്‍ശന്‍ പര്യടന വേളയിലാണ് ഇവയിലേറെയും കാമറയില്‍ പകര്‍ത്തിയത്. കേരളത്തിന്റെ അനന്യമായ ദൃശ്യഭംഗി നിറഞ്ഞുനില്‍ക്കുന്നതും എന്നാല്‍ ജനശ്രദ്ധയില്‍ വന്നിട്ടില്ലാത്തതുമായ സ്പോട്ടുകളാണ് ഇവയിലേറെയും. തൃശൂരിലെ കോള്‍ പാടങ്ങള്‍, മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍, കടലും കായലും കരയും ഒന്നിക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ മികച്ച ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളുടെ മനോഹരമായ ആകാശ ദൃശ്യങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചെറുപ്പം മുതല്‍ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും ഹോബിയായി കൊണ്ടുനടക്കുന്ന വി എം ജയകൃഷ്ണന്‍ എടുത്ത ജഡായുപ്പാറയുടെയും കോള്‍ പാടങ്ങളുടെയും മറ്റു ടൂറിസം സ്പോട്ടുകളുടെയും ചിത്രങ്ങള്‍ ഇതിനകം ദേശീയ ശ്രദ്ധ നേടിയിരുന്നു. ഇന്‍ക്രെഡിബ്ള്‍ ഇന്ത്യയുടെയും കേന്ദ്ര ടൂറിസം വകുപ്പിന്റെയും ആസാദി കാ അമൃത് മഹോത്സവിന്റെയും ഉള്‍പ്പെടെ വെബ് പേജുകളിലും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും ഈ ചിത്രങ്ങള്‍ ഫീച്ചര്‍ ചെയ്യപ്പെട്ടിരുന്നു.

ജൂണ്‍ 17 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 6.30 വരെയായിരിക്കും പ്രദര്‍ശനം.

date