Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍: 57 പരാതികള്‍ പരിഗണിച്ചു

sitting

സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കൊല്ലം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ വിവിധ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട 52 കേസുകളും ദേശസാല്‍കൃത ബാങ്കുകളുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ഉള്‍പ്പെടെ 57 കേസുകള്‍ പരിഗണിച്ചു.
കടാശ്വാസ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം അനുവദിച്ച ആശ്വാസ തുക വായ്പാ കണക്കില്‍ വരവുവച്ചത് സംബന്ധിച്ചും വായ്പാ കണക്ക് തീര്‍പ്പാക്കുന്നതിലെ കാലതാമസത്തെക്കുറിച്ചും പരാതികള്‍ ലഭിച്ചു. കടാശ്വാസ തുക ലഭിച്ചിട്ടും ഈടാധാരങ്ങള്‍ ബാങ്കുകള്‍ തിരികെ നല്‍കാത്തതിനെക്കുറിച്ചുള്ള പരാതികളും കമ്മീഷന് മുന്നിലെത്തി. 

കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടും സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം      നിഷേധിച്ച കടാശ്വാസം ലഭ്യമാക്കാന്‍ 10 കേസുകളില്‍ കമ്മീഷന്‍ ഉത്തരവിട്ടു. അനുവദിച്ച കടാശ്വാസം മുതലില്‍ വരവുവച്ച് ഈടാധാരം തിരികെ നല്‍കുന്നതിന് പകരം കൂടുതല്‍ തുക ആവശ്യപ്പെട്ട എട്ടു കേസുകളില്‍ കടാശ്വാസ തുക മുതലിനത്തില്‍ വരവുവച്ച്  ആധാരം തിരികെ നല്‍കാന്‍ ബന്ധപ്പെട്ട ബാങ്കിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു.
    2007ന് ശേഷം വായ്പ പുതുക്കി എന്ന കാരണത്താല്‍ സഹകരണ ഓഡിറ്റ് വിഭാഗം കടാശ്വാസം നിഷേധിച്ച രണ്ടു കേസുകളിലും വായ്പയുടെ മുന്‍കാല പ്രാബല്യം കണ്ടെത്തി നിശ്ചിത സമയ പരിധിക്കുള്ളില്‍ കടാശ്വാസം അനുവദിക്കുവാന്‍ സഹകരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.  
സഹകരണ/ദേശസാല്‍കൃത ബാങ്കുകളുമായി ബന്ധപ്പെടുന്ന വായ്പകളില്‍ കടാശ്വാസത്തിന് അര്‍ഹത നിശ്ചയിക്കുന്നതിനുള്ള 13 കേസുകള്‍ കമ്മീഷന്‍ പരിഗണിച്ചു. ഇതില്‍ 12 കേസുകള്‍ തീര്‍പ്പാക്കി. അപേക്ഷ സമര്‍പ്പിച്ചിട്ടും കടാശ്വാസം അനുവദിക്കാത്ത വിഷയത്തില്‍ ഏഴു പരാതികളും കമ്മീഷന്‍ സ്വീകരിച്ചു.  

കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അധ്യക്ഷതയില്‍ നടന്ന സിറ്റിംഗില്‍ കമ്മീഷന്‍ മെമ്പര്‍മാരായ കൂട്ടായി ബഷീര്‍, അഡ്വ. വി.വി ശശീന്ദ്രന്‍, ടി.ജെ. ആഞ്ചലോസ് എന്നിവര്‍  പങ്കെടുത്തു. ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, വിവിധ ബാങ്കുകളുടെ മാനേജര്‍മാര്‍, അപേക്ഷകര്‍ എന്നിവര്‍ പങ്കെടുത്തു. 
(പി.ആര്‍.കെ.നമ്പര്‍  2595/17)

date