Skip to main content
മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ കോസ്റ്റ്ഫോർഡിൻ്റെ സഹകരണത്തോടെ എൽ ഇ ഡി ക്ലീനിക്  യാഥാർത്ഥ്യമാകുന്നു

മാടക്കത്തറ പഞ്ചായത്തിൽ ഇനി എൽ ഇ ഡി ക്ലീനിക്

ഭിന്നശേഷി കുട്ടികൾക്കും അവരുടെ അമ്മമാർക്കും പരിശീലനം നൽകി ആദ്യ ചുവടുവെപ്പ്

മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ കോസ്റ്റ്ഫോർഡിൻ്റെ സഹകരണത്തോടെ എൽ ഇ ഡി ക്ലീനിക് എന്ന ആശയം യാഥാർത്ഥ്യമാകുന്നു. എൽ ഇ ഡി ബൾബുകളും ട്യൂബുകളും റിപ്പയർ ചെയ്യുന്നതിനുള്ള പരിശീലന പരിപാടി പൂർത്തീകരിച്ചവർക്ക് ടൂൾ കിറ്റ്, സർട്ടിഫിക്കറ്റ് വിതരണം കെ കെ സുരേന്ദ്രൻ സ്മാരക ഹാളിൽ നടന്നു. ജൂൺ 3, 4 തീയതികളിൽ ആയാണ് പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ചത്.

പഞ്ചായത്തിലെ ഭിന്നശേഷികുട്ടികൾക്കും അവരുടെ അമ്മമാർക്കും ആദ്യ പരിശീലനത്തിന് അവസരമൊരുക്കിയതോടെ വലിയൊരു മുന്നേറ്റത്തിന് ആണ് തുടക്കം കുറിച്ചിരിക്കുന്നത്. ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനുള്ള വിവിധ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് നിർദിഷ്ട പദ്ധതി. അമ്മമാരുടെ മാനസിക സംഘർഷങ്ങൾ ഒഴിവാക്കാനും ഇതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിതനിലവാരം മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

ഫ്യൂസായ ബൾബുകളും ട്യൂബുകളും പൊതുഇടങ്ങളിലെ മാലിന്യമായി മാറുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാനും എൽ ഇ ഡി ക്ലീനിക് വഴി സാധിക്കും.

സർട്ടിഫിക്കറ്റ്- ടൂൾകിറ്റ് വിതരണ ഉദ്ഘാടനം കോസ്റ്റ് ഫോർഡ് ഡയറക്ടർ സി ചന്ദ്രബാബു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ മോഹൻ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡണ്ട് സണ്ണി ചെന്നിക്കര ടൂൾകിറ്റ് വിതരണം നടത്തി.ഗ്രാമപഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി പ്രശാന്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാവിത്രി രാമചന്ദ്രൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പാ ചന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

date