Skip to main content

പീച്ചി വാഴാനി കോറിഡോർ കയ്യേറ്റങ്ങൾ ഒഴിപ്പിക്കും

കിഫ്‌ബി ഫണ്ടിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നവീകരണ പ്രവൃത്തികൾ നടത്തുന്ന പീച്ചി - വാഴാനി ടൂറിസം കോറിഡോർ റോഡിലെ പുറമ്പോക്ക് ഒഴിപ്പിക്കലിന്റെ ഭാഗമായുള്ള സർവ്വേ പ്രവർത്തികൾ തൃശ്ശൂർ ജില്ലാ സർവ്വേ സൂപ്രണ്ടിന് കീഴിൽ പൂർത്തിയാക്കി. പൊങ്ങണംകാട് മുതൽ കരുമത്ര വരെയുള്ള മേഖലയിൽ 9.17 കിലോമീറ്റർ ദൂരത്തിൽ റോഡിന്റെ ഇരുഭാഗത്തും സർവ്വേ നടപടികൾ പൂർത്തീകരിച്ചു.

റോഡ് നവീകരണത്തിന്റെ ഭാഗമായി അതിർത്തികൾ സ്ഥാപിക്കുകയും കൈയേറ്റ ഭൂമി വിട്ടുനൽകുന്നതിനുള്ള നോട്ടീസ് നൽകുകയും ചെയ്തു. 2022 ഡിസംബർ 25ന് തെക്കുംകര പഞ്ചായത്ത് ഹാളിൽ റവന്യു മന്ത്രി കെ രാജന്റെയും വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയുടെയും സാന്നിദ്ധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ കൈയേറ്റങ്ങൾ ഉടനടി ഒഴിപ്പിക്കുവാൻ കേരള റോഡ് ഫണ്ട് ബോർഡിന് മന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നു.

2023 ജൂൺ 30 ന് ശേഷം പൊളിച്ചു നീക്കാത്ത കൈയേറ്റങ്ങൾ കേരള റോഡ് ഫണ്ട് ബോർഡ് നേരിട്ട് നീക്കം ചെയ്യുമെന്നും അതിനു വരുന്ന ചെലവുകൾ കൈയേറ്റക്കാരിൽ നിന്നും ഈടാക്കുന്നതാണെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date