Skip to main content

മൂഴിക്കോട് ചിറയ്ക്കിനി പുതിയ മുഖം

കോട്ടാത്തല മൂഴിക്കോട് ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മൈലം ഗ്രാമപഞ്ചായത്ത് 13.76 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം നടത്തുന്നത്. ചിറയിലെ വെള്ളം വറ്റിച്ച് ചെളി കോരിമാറ്റി വശങ്ങള്‍ കരിങ്കല്ല് ഉപയോഗിച്ച് കെട്ടി ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ത്തിയായി. മഴ കനത്താലും കരയില്‍ നിന്നും വെള്ളം ഇറങ്ങാത്തവിധമാണ് നിര്‍മാണം. ചിറയുടെ കല്‍പ്പടവുകള്‍ പുനര്‍നിര്‍മിച്ച് സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കി ഓണത്തിന് മുന്‍പ് നാടിന് സമര്‍പ്പിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

ഭാവിയില്‍ നീന്തല്‍ പരിശീലനം ഉള്‍പ്പടെ നടത്താനും ആലോചനയുണ്ട്. സംരക്ഷണഭിത്തിയുടെ നിര്‍മാണം ഭൂരിഭാഗം പൂര്‍ത്തിയായി. കൊട്ടാരക്കര- പുത്തൂര്‍ റോഡരികിലാണ് പതിറ്റാണ്ടുകളുടെ ശേഷിപ്പായ മൂഴിക്കോട് ചിറ സ്ഥിതി ചെയ്യുന്നത്. നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള കമ്പിവേലിയുടെ ഉയരും കുറയ്ക്കുന്നുണ്ട്. ചിറ നവീകരണത്തിന്റെ രണ്ടാം ഘട്ടമായി 12 ലക്ഷം രൂപ കൂടി പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. ഗാര്‍ഡനിങ്, ലൈറ്റ് സംവിധാനം, ഇരിപ്പിടങ്ങളൊരുക്കല്‍ എന്നിവയാണ് പ്രധാനമായും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.

date