Skip to main content
കുന്നംകുളം നിയോജകമണ്ഡലത്തിൽ പട്ടയ അപേക്ഷകളിൽ എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. എ സി മൊയ്തീൻ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന കുന്നംകുളം മണ്ഡലതല പട്ടയ അസംബ്ലി യോഗത്തിലാണ് തീരുമാനം.

പട്ടയ മിഷൻ: കുന്നംകുളം മണ്ഡലത്തിൽ പട്ടയ അപേക്ഷകളുടെ നടപടി വേഗത്തിലാക്കും

കുന്നംകുളം നിയോജകമണ്ഡലത്തിൽ പട്ടയ അപേക്ഷകളിൽ എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. എ സി മൊയ്തീൻ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന കുന്നംകുളം മണ്ഡലതല പട്ടയ അസംബ്ലി യോഗത്തിലാണ് തീരുമാനം. പട്ടയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓരോ പഞ്ചായത്തിനു കീഴിലും വരുന്ന പട്ടയങ്ങളുടെ വിവരം ജനപ്രതിനിധികൾ വഴി ശേഖരിക്കും. ശേഖരിച്ച വിവരങ്ങളിൽ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ മാസത്തിൽ ഒരു തവണ യോഗം ചേർന്ന് വേണ്ട നടപടി സ്വീകരിക്കും. പട്ടയം ലഭിച്ചിട്ടും നികുതി അടയ്ക്കാൻ കഴിയാത്ത പ്രശ്നം ഒരു മാസത്തിനകം പരിഹരിക്കാനും എംഎൽഎ നിർദ്ദേശം നൽകി.

വിവിധ വകുപ്പിന് കീഴിൽ വരുന്ന ഭൂമികൾക്ക് പട്ടയം ലഭ്യമാകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും യോഗം നിർദ്ദേശിച്ചു. പാറപുറമ്പോക്ക് ഭൂമിയ്ക്ക് പട്ടയം ലഭിക്കുന്നതിന് സർക്കാരിൽ നിന്ന് പ്രത്യേക ഉത്തരവ് വാങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പട്ടികജാതി വിഭാഗത്തിന്റെ പട്ടയ കാര്യത്തിൽ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും എംഎൽഎ നിർദ്ദേശിച്ചു.
കുന്നംകുളം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന താലൂക്ക്തല അസംബ്ലിയിൽ നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി ആർ ഷോബി, പി ഐ രാജേന്ദ്രൻ, മീന സാജൻ, അഡ്വ.കെ രാമകൃഷ്ണൻ, എസ് ബസന്ത് ലാൽ, ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ, ഡെപ്യൂട്ടി കലക്ടർമാരായ സി ടി യമുന, പി എ വിഭൂഷണൻ, കുന്നംകുളം താലൂക്ക് തഹസിൽദാർ ഒ ബി ഹേമ, ഡെപ്യൂട്ടി തഹസിൽദാർ എം ആർ രാജേഷ്, നഗരസഭാംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തെ പട്ടയവിതരണം ഊർജിതമാക്കുന്നതിനും റവന്യൂ നടപടികൾ സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിനുമായാണ് പട്ടയ മിഷൻ അസംബ്ലി ചേരുന്നത്.

date