Skip to main content

പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്

കാലവർഷം ആരംഭിച്ചതോടെ പകർച്ചവ്യാധികൾക്കെതിരെ  ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്തിൽ നടപ്പാക്കുന്നത് . ബ്ലോക്കിനു കീഴിലെ എല്ലാ പഞ്ചായത്തുകളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.

ഓരോ പഞ്ചായത്തിലും പഞ്ചായത്ത്‌ പ്രസിഡന്റ്, വാർഡ് മെമ്പർമാർ, ആയുർവേദം, ഹോമിയോപ്പതി, അലോപ്പതി മേഖലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശവർക്കാർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ അടങ്ങുന്ന സംഘങ്ങളുടെ നേതൃത്വത്തിലാണ് പ്രവർത്തനം. പഞ്ചായത്തുകളിലെ ഓരോ വാർഡിലും പ്രത്യേകം വാർഡ്തല ശുചിത്വ സമിതി രൂപീകരിച്ച് പ്രതിരോധ പ്രവർത്തനം ശക്തമാക്കി. ഡെങ്കിപ്പനി സ്ഥിരീകരിക്കുന്ന മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകുകയും രോഗം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ഡെങ്കിപ്പനി ബാധിക്കുന്നവർക്ക് കൊതുക് വലകൾ  നൽകുന്നുണ്ട്.

കൊതുക് നശീകരണത്തിനായി ഫോഗിങ് നടത്തുകയും
കൂത്താടി നശീകരണപ്രവർത്തനങ്ങൾ നടത്തുകയും  ചെയ്തു. കാനകളും ജലശയങ്ങളും വൃത്തിയാക്കി വെള്ളം കെട്ടിനിൽക്കാനിടയുള്ള സാഹചര്യം ഒഴിവാക്കി.

മാലിന്യമുക്ത പഞ്ചായത്ത്‌ പദ്ധതിയുടെ ഭാഗമായി എല്ലാ പഞ്ചായത്തിലും പൊതു സ്ഥലങ്ങളിൽ കുന്നുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തു. വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങളുടെ പരിശീലനവും ബോധവത്കരണ ക്ലാസ്സുകളും നടത്തി. കിഴക്കമ്പലം, വെങ്ങോല, വാഴക്കുളം പഞ്ചായത്തുകളിലെ സ്കൂളുകളിലെ എൻ. എസ്. എസ്. വോളന്റിയേഴ്സിന്റെ സഹായത്തോടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

ജലജന്യ രോഗങ്ങൾ പ്രതിരോധിക്കാൻ എല്ലാ വീടുകളിലെയും കിണറുകളിലും ക്ലോറിനേഷൻ ചെയ്യുന്ന പദ്ധതി പുരോഗമിക്കുന്നു. അതിഥി തൊഴിലാളികൾ വസിക്കുന്ന കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കി. രോഗ ലക്ഷണങ്ങൾ കാണുന്നവരെ പരിശോധനക്ക് വിധേയമാക്കും. പഞ്ചായത്ത് തലത്തിൽ ഹോമിയോ, ആയുർവേദ മെഡിക്കൽ ക്യാമ്പുകളും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

 

date