Skip to main content

സോളാർ വൈദ്യുതിയിൽ സ്വയം പര്യാപ്തതയ്ക്കൊരുങ്ങി മണീട് പഞ്ചായത്ത്

സോളാർ വൈദ്യുതി ഉല്പാദനത്തിൽ സ്വയം പര്യാപ്തത നേടാനൊരുങ്ങി മണീട് ഗ്രാമപഞ്ചായത്ത്.  പൂർത്തീകരിച്ച സൗരോർജ പദ്ധതിയുടെ ഉദ്ഘാടനം  അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും ഡോ. ബി ആർ അംബേദ്കർ കമ്മ്യൂണിറ്റി ഹാളും  പൂർണ്ണമായും സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കും.

ഗ്രാമപഞ്ചായത്തിന്റെ 2022 -23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്
സോളാർ പാനൽ സ്ഥാപിച്ചത്. 14 കിലോ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കും. മണീട് ഗ്രാമപഞ്ചായത്ത് ഓഫീസ്, മണീട് കൃഷിഭവൻ, എൽ എസ്സ് ജി ഡി എൻജിനീയറുടെ കാര്യാലയം, വി ഇ ഒ ഓഫീസ്, തൊഴിലുറപ്പ് പദ്ധതി ഓഫീസ്, കുടുംബശ്രീ ഓഫീസ് ,    പ്രിയദർശിനി  വനിതാ പരിശീലന കേന്ദ്രം, പഞ്ചായത്ത് കോൺഫറൻസ് ഹാൾ,
പഞ്ചായത്ത് ലൈബ്രറി
ഉൾപ്പെടെയുള്ള പഞ്ചായത്ത് ഓഫീസ് സമുച്ചയവും ഡോക്ടർ  ബി ആർ അംബേദ്കർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളും  
ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സോളാർ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കും.

ചടങ്ങിൽ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും  സംസ്കൃത ബിരുദത്തിൽ ഒന്നാം റാങ്ക് നേടിയ സിദ്ധാർത്ഥ് പ്രകാശിനെ ആദരിച്ചു.

വൈദ്യുതി തടസ്സം തുടർക്കഥയായിട്ടുള്ള പഞ്ചായത്ത്
ഓഫീസ് സമുച്ചയവും  കമ്മ്യൂണിറ്റി ഹാളും
സോളാർ വൈദ്യുതിയിൽ  പ്രവർത്തിക്കുന്നതോടെ പൊതു ജനങ്ങൾക്ക് തടസ്സം കൂടാതെ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പൂർത്തീകരിച്ചത്.  ഹരിത പഞ്ചായത്ത് ആവുന്നതിനോടൊപ്പം 
 വൈദ്യുതി ബില്ലിന്റെഭാരത്തിൽ നിന്ന് പഞ്ചായത്ത് മുക്തമാവുകയും ചെയ്യും. മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

പഞ്ചായത്തിലെ ഡോ. ബി ആർ അംബേദ്കർ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് വി ജെ ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് മോളി തോമസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് ജോബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി തങ്കപ്പൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ടി അനീഷ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി കെ പ്രദീപ്, ജ്യോതി രാജീവ്, പഞ്ചായത്ത് മെമ്പർമാരായ പോൾ വർഗീസ് ആഷ്ലി എൽദോ, രഞ്ജി സുരേഷ്, പി പ്രമോദ്, ശോഭ ഏലിയാസ്, ബിനി ശിവദാസ്,  മിനു മോൻസി, എ കെ സോജൻ, പഞ്ചായത്ത് സെക്രട്ടറി കെ അനിമോൾ, സി ഡി എസ് ചെയർ പേഴ്സൺ ഉഷ രാമചന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date