Skip to main content
ഗവേഷണരംഗത്തെ കേരളീയരായ പ്രഗത്‌ഭരെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ  കൈരളി റിസർച്ച് അവാർഡ് 2021 ലെ  കൈരളി ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം ഡോ എം. ലീലാവതിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ലീലാവതി ടീച്ചറുടെ വസതിയിലെത്തി  കൈമാറുന്നു. കേരള സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് സമീപം

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക് സമര്‍പ്പിച്ചു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു  തൃക്കാക്കരയിലുള്ള  വസതിയിലെത്തിയാണ് പുരസ്ക്കാരം നൽകിയത്. മാനവിക വിഷയ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുളള  2021-ലെ കൈരളി ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരമാണ് ഡോ. എം.ലീലാവതിക്ക് സമര്‍പ്പിച്ചത്. രണ്ടര ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വർഗീസും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

കേരളീയ സാംസ്കാരിക മണ്ഡലത്തിൽ ഏറ്റവും ജ്വലിക്കുന്ന ജീവിതമാണ് ഡോ. എം. ലീലാവതിയുടേതെന്ന് പുരസ്കാരം നൽകിക്കൊണ്ട് മന്ത്രി പറഞ്ഞു. നവ സാമൂഹിക പ്രസ്ഥാനങ്ങളും സാഹിത്യപ്രസ്ഥാനങ്ങളും പുതിയ നോവൽ പഠനങ്ങളുമെല്ലാം തൂലികയ്ക്ക് വിഷയമാവുന്നുണ്ട്. നിരവധി പുസ്തകങ്ങളാണ്  വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ച്  എഴുതിയിട്ടുള്ളത്. നമ്മുടെ ഭൗതിക മണ്ഡലത്തിൽ സമാനതകളില്ലാത്ത എഴുത്തുകാരിയാണ് ലീലാവതിയെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തുമുളള കേരളീയരായ അക്കാദമിക് ഗവേഷക പ്രഗത്ഭരെ ആദരിക്കുന്നതിനും നൂതനവും വ്യത്യസ്തവുമായ ഗവേഷണ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കേരള സര്‍ക്കാര്‍ കൈരളി ഗവേഷണ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളത്.

ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ബയോളജിക്കല്‍ വിഭാഗം മേധാവി ഡോ. പി. ബല്‍റാം ചെയര്‍മാനായുള്ള തിരഞ്ഞെടുപ്പ് സമിതിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ തന്നെ കെമിക്കല്‍ സയന്‍സ് പ്രൊഫസറും തിരുവനന്തപുരം ഐസര്‍ സ്ഥാപക ഡയറക്ടറുമായ ഡോ. ഇ.ഡി. ജെമ്മിസ്സ്, പ്രശസ്ത സാഹിത്യകാരന്‍ സച്ചിദാനന്ദന്‍, പ്രസിദ്ധ സാമ്പത്തിക വിദഗ്ധനും ഡല്‍ഹി ജെ.എന്‍.യു പ്രൊഫസറുമായിരുന്ന പ്രൊഫ. പ്രഭാത് പട്നായിക് എന്നിവരായിരുന്നു അംഗങ്ങള്‍.

date