Skip to main content

42 ലക്ഷം പേര്‍ക്ക് ചികിത്സാ സഹായം നല്‍കി: മന്ത്രി കെ എന്‍ ബാലഗോപാല്‍

കാരുണ്യ പദ്ധതിയിലൂടെ 42 ലക്ഷം പേര്‍ക്ക് ചികിത്സാ സഹായം നല്‍കിയതായും ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കാഴ്ചവയ്ക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കുമ്മിള്‍ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിട ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നീതി ആയോഗ് പ്രസിദ്ധീകരിച്ച ആരോഗ്യസൂചികയില്‍ കേരളത്തിന്റെ ഒന്നാം സ്ഥാനം ആരോഗ്യ വികസന രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ സാക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. സമസ്ത മേഖലകളിലും സമഗ്ര വികസനം ലക്ഷ്യമിട്ട പദ്ധതികളാണ് പഞ്ചായത്ത് ഭരണസമിതി നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40,78,217 രൂപ ചെലവഴിച്ചാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി ഭൂമി വാങ്ങിയത്. 14,25000 രൂപ പഞ്ചായത്ത് ഫണ്ടും ബഹുജനങ്ങളില്‍ നിന്നുള്ള സംഭാവന ഉള്‍പ്പെടെ 1,43,00000 രൂപ ഉപയോഗിച്ചാണ് ആശുപത്രി സമുച്ചയം നിര്‍മിക്കുക.

 

കുമ്മിള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മധു, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ നജീബത്ത്, രാഷ്ട്രീയകക്ഷി നേതാക്കള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date