Skip to main content

യുവജനങ്ങളുടെ നൂതന ആശയങ്ങള്‍ വികസനത്തിന് നിര്‍ണായകം: മന്ത്രി കെ എന്‍ ബാലഗോപാല്‍

വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും നൂതന ആശയങ്ങള്‍ രാജ്യത്തിന്റെ വികസനത്തിത്തില്‍ നിര്‍ണായക പങ്കാണ് വഹിക്കുകയെന്നും ഇവയെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ - ഡിസ്‌ക്) ഡിസ്ട്രിക്ട് ഇന്നോവേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കൊട്ടാരക്കര പുലമണ്‍ മാര്‍ത്തോമ ജൂബിലി മന്ദിരത്തില്‍ നടന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനതല മീറ്റ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആശയങ്ങളെ സാങ്കേതിക വിദ്യകളായും സംരംഭങ്ങളായും വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് നിലവില്‍ കേരളത്തിലുള്ളത്. വൈ ഐ പി മാതൃകയിലുള്ള പദ്ധതികളിലൂടെ രൂപപ്പെടുന്ന മികച്ച ആശയങ്ങള്‍ നാടിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ ചാലകശക്തികളായി മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശാസ്ത്ര സാങ്കേതിക മേഖലയിലെ യുവജനങ്ങളുടെ മുന്നേറ്റം വികസനത്തിന് മുതല്‍ക്കൂട്ടാവുമെന്ന് അധ്യക്ഷയായ മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഭക്ഷ്യ ഉത്പ്പാദന വിതരണ മേഖലകളില്‍ പോലും ഇത്തരം പുത്തന്‍ ആശയങ്ങളുടെ വിജയകരമായ സ്വാധീനം പ്രകടമാണ്. മില്‍മ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ യുവജനങ്ങളുടെ നൂതന ആശയങ്ങള്‍ സാങ്കേതിക മികവിനായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ കോളജ് വൈ ഐ പി ക്ലബും കൊട്ടാരക്കര നഗരസഭാ അധ്യക്ഷന്‍ എസ് ആര്‍ രമേശ് സ്‌കൂള്‍ വൈ ഐ പി ക്ലബും ഉദ്ഘാടനം ചെയ്തു. വൈ ഐ പി അവാര്‍ഡ് ദാനം, പരിശീലനം, ലോഗോ പ്രകാശനം, എക്സിബിഷന്‍ എന്നിവയും അനുബന്ധമായി സംഘടിപ്പിച്ചു.

 

സാങ്കേതികവിദ്യയില്‍ പുതിയ ദിശകള്‍ സൃഷ്ടിക്കുക, സാങ്കേതികവിദ്യയുടെ സാമൂഹിക രൂപീകരണത്തിന് വഴിയൊരുക്കുക, പുത്തന്‍ ആശയങ്ങളെ ഉത്പന്നങ്ങളും പ്രക്രിയകളും സംരംഭങ്ങളുമായി മാറ്റാന്‍ അനുകൂലവും ആരോഗ്യപരവുമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. 14 ജില്ലകളില്‍ നിന്നായി 600 ലധികം വിദ്യാര്‍ഥികള്‍ പങ്കാളികളായി.

 

ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, വൈ ഐ പി മേധാവി ഡോ. മനോജ്, കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണന്‍, വൈ ഐ പി പ്രോഗ്രാം മാനേജര്‍ ബിജു പരമേശ്വരന്‍, ജനപ്രതിനിധികള്‍, ഐ സി ടി പ്രധിനിധികള്‍, വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date