Skip to main content

ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭയരഹിതമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ കുട്ടികളുടെ എച്ച് ഡി യു (ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്) ഓക്‌സിജന്‍ വാര്‍ഡ്, ജില്ലാ ആശുപത്രിയില്‍ ഹബ് ആന്‍ഡ് സ്‌പോക്ക്, ജില്ലാതല മൈക്രോബയോളജി ലാബ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

 

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള ആക്രമങ്ങള്‍ അനുവദിക്കില്ല. പരമാവധി പിഴ, തടവുശിക്ഷ ഉള്‍പ്പെടെയുള്ള നിയമപരിരക്ഷ ഉറപ്പാക്കും. അക്രമം ഉണ്ടാകാതിരിക്കാനും അഥവാ ഉണ്ടായാല്‍ പാലിക്കപ്പെടേണ്ട വിപുലമായ നടപടിക്രമങ്ങളാണ് പ്രോട്ടോകോളില്‍ ഉള്ളത്. അടിയന്തര ഘട്ടങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കും. ഇതിന്റെ ഭാഗമായുള്ള സേഫ്റ്റി ഓഡിറ്റുകള്‍ ആശുപത്രികളില്‍ നടക്കുന്നതായും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിലവില്‍ ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 11 ജില്ലകളിലെ ആശുപത്രികളിലും കാത്ത്ലാബ് സജ്ജമാക്കി. ഹൃദ്യം പദ്ധതി മുഖേന കൂടുതല്‍ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിവരുന്നു. ഇത്തരത്തില്‍ വികേന്ദ്രീകരിക്കപ്പെട്ട ചികിത്സാ സംവിധാനം സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. 70 ശതമാനം പേരും സര്‍ക്കാര്‍ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണനയും മികച്ച ചികിത്സയും നല്‍കുകയാണ് ലക്ഷ്യം. വന്ധ്യതാ പ്രശ്നപരിഹാരത്തിന് കൊല്ലം വിക്ടോറിയ ആശുപത്രി ഉള്‍പ്പെടെ സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഐവിഎഫ് ലാബ് ആരംഭിക്കാനുള്ള ആലോചന നടക്കുന്നതായും മന്ത്രി അറിയിച്ചു.

35.23 ലക്ഷം രൂപ ചെലവിലാണ് കുട്ടികളുടെ എച്ച് ഡി യു ഓക്‌സിജന്‍ വാര്‍ഡ് സജ്ജമാക്കിയത്. ജില്ലാ ആശുപത്രിയില്‍ 16.7 ലക്ഷം രൂപ ചെലവിലാണ് ഹബ് ആന്‍ഡ് സ്‌പോക്ക് മോഡല്‍ മൈക്രോബയോളജി ലാബ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ മറ്റ് ആശുപത്രികളില്‍ ശേഖരിക്കുന്ന സാമ്പിളുകള്‍ സര്‍ക്കാര്‍ ചെലവില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പരിശോധിക്കാനാകും.

 

എം മുകേഷ് എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ ഷാജി, അനില്‍ എസ് കല്ലേലിഭാഗം, വസന്ത രമേശ്, കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷ യു പവിത്ര, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ എസ് ഷിനു, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡി വസന്തദാസ്, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് വി കൃഷ്ണവേണി, ഡി പി എം ദേവ് കിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date