Skip to main content

ആശുപത്രികളിലെ ഭൗതിക സാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ആശുപത്രികളിലെ ഭൗതിക സാഹചര്യം കൂടുതല്‍ മെച്ചമെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രോഗികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സേവനങ്ങള്‍ ഉറപ്പാക്കും. അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. ചികിത്സാ സംവിധാനം വികേന്ദ്രീകരിച്ചതിലൂടെ കൂടുതല്‍ പേര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ സാധിച്ചു. ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയത്തിന് 'ശൈലി ആപ്പ്' എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കഴിഞ്ഞു. ചിറക്കര പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പി എച്ച് എസിക്ക് വേണ്ടി 50 സെന്റ് വസ്തു സംഭാവനയായി നല്‍കിയ ചിറക്കരത്താഴം രവീന്ദ്രവിലസത്തില്‍ രവീന്ദ്രനെ ചടങ്ങില്‍ ആദരിച്ചു. നവകേരളം പദ്ധതിയുടെ ഭാഗമായി എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.40 കോടി രൂപ വിനിയോഗിച്ചാണ് രണ്ട് നിലകളുള്ള കെട്ടിടം നിര്‍മിച്ചത്. വൈകുന്നേരവും പ്രവര്‍ത്തിക്കുന്ന ഒ പി സംവിധാനം, ആധുനിക സജ്ജീകരണങ്ങളോടുകൂടെ ലബോറട്ടറി, കുട്ടികള്‍ക്കായി പ്രത്യേകം കുത്തിവയ്പ്പ് കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.

ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനായി. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുശീലദേവി, ജില്ലാ പഞ്ചായത്ത് അംഗം ആശാദേവി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ശര്‍മ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമക്കാരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി ശകുന്തള, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവദാസ്, സ്ഥിരസമിതി അധ്യക്ഷരായ സുബി പരമേശ്വരന്‍, മിനിമോള്‍ ജോഷ്, ബി സുദര്‍ശനന്‍പിള്ള, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ എസ് ഷിനു, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ദേവ് കിരണ്‍, ചിറക്കര പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ അഞ്ജന ബാബു, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date