Skip to main content
കുന്നംകുളം നഗരസഭ ഇ കെ നായനാര്‍ സ്മാരക ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കുന്നതിന് പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചു.

കുന്നംകുളം പുതിയ ബസ്റ്റാന്‍ഡില്‍ ഇനിമുതല്‍ പോലീസ് എയ്ഡ് പോസ്റ്റ്

കുന്നംകുളം നഗരസഭ ഇ കെ നായനാര്‍ സ്മാരക ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കുന്നതിന് പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡിലെ പടിഞ്ഞാറെ കവാടത്തിനടുത്താണ് പോലീസ് എയ്ഡ് പോസ്റ്റ് ഉള്ളത്.

രാവിലെ 7 മുതല്‍ രാത്രി 7 വരെ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കും. ഇതിനുപുറമെ ബസ്റ്റാന്‍ഡിലും ഒന്നിലധികം പോലീസുകാരുടെ സേവനമുണ്ടാകും. ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് പോലീസ് എയ്ഡ് പോസ്റ്റില്‍ ചെന്ന് നേരീട്ട് പരാതി അറിയിക്കാം.

സാമൂഹ്യവിരുദ്ധരുടെ ശല്യം, ലഹരി പ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവയുണ്ടായാല്‍ യാത്രക്കാര്‍ക്ക് പോലീസിനെ അറിയിക്കാനും എയ്ഡ് പോസ്റ്റില്‍ സൗകര്യമുണ്ട്. എയ്ഡ് പോസ്റ്റ് സജ്ജമായതോടെ സ്റ്റാന്‍ഡിലെത്തുന്ന കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍ എന്നിവരുടെ സുരക്ഷയും ഉറപ്പാക്കാന്‍ സാധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ പി. എം സുരേഷ് അധ്യക്ഷനായി. മറ്റ് സ്ഥിരം സമിതി അധ്യക്ഷന്മാരായ സജിനി പ്രേമന്‍, പി.കെ ഷെബീര്‍, എസിപി സി.ആര്‍ സന്തോഷ്, കൗണ്‍സിലര്‍മാരായ എം.വി വിനോദ്, ടി. ബി ബീനീഷ്, സനല്‍, നഗരസഭ സെക്രട്ടറി വി. എസ് സന്ദീപ്കുമാര്‍, ജനപ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

date