Skip to main content

ഓണത്തിന് ഒരു മുറം പച്ചക്കറി; കടുങ്ങല്ലൂരിൽ  വിത്തുകൾ വിതരണം ചെയ്തു

 

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ 1250 പേർക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ 21 വാർഡുകളിലായി 50 കേന്ദ്രങ്ങളിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്താണ് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തത്. 

ജൂൺ19ന് തുടങ്ങിയ വിത്ത് വിതരണം ഒരു മാസകാലയളവിലാണ് പൂർത്തീകരിച്ചത്. വെണ്ട, പയർ, മത്തൻ, ചീര എന്നിവയുടെ വിത്തുകളാണ് വിതരണം ചെയ്തത്. ഇതുകൂടാതെ ജനകീയാസൂത്രണ പദ്ധതി പ്രകാരവും പഞ്ചായത്തിൽ പച്ചക്കറി വിത്തു വിതരണം നടക്കുന്നുണ്ട്. 

ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് കർഷക ദിനാചരണവും കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയുടെ ഭാഗമായി വിവിധ വിഭാഗങ്ങളിലെ കർഷകരെ ആദരിക്കും. മികച്ച നെൽ കർഷകൻ/ കർഷക, വാഴ കർഷകൻ/ കർഷക, പച്ചക്കറി കർഷകൻ/ കർഷക, സമ്മിശ്ര കർഷകൻ/ കർഷക, ടെറസ് കർഷകൻ/ കർഷക, മുതിർന്ന കർഷകൻ/ കർഷക, വിദ്യാർത്ഥി കർഷകൻ/ കർഷക, പട്ടികജാതി, പട്ടികവർഗ്ഗ കർഷകൻ/ കർഷക എന്നീ വിഭാഗങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സെലക്ട് കമ്മിറ്റി തെരഞ്ഞെടുക്കുന്ന കർഷകരെയാണ് ആദരിക്കുന്നത്. 

മികച്ച കർഷകരെ ആദരിക്കുന്നതിനായുള്ള നാമനിർദേശങ്ങൾ ആഗസ്റ്റ് 5ന് വൈകിട്ട് 3ന് മുൻപ് കൃഷി ഓഫീസർക്ക് നൽകേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകളിൽ നിന്നും മാനദണ്ഡങ്ങൾക്കനുസരിച്ച് തെരഞ്ഞെടുത്ത കർഷകരെ ആഗസ്റ്റ് 6ന് പ്രഖ്യാപിക്കും. കർഷക ദിനാചരണത്തിന്റെ ഭാഗമായി പ്രാദേശിക ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണനമേളയും കുടുംബശ്രീയുടെ നേതൃത്വത്തിൽ കലാപരിപാടികളും സംഘടിപ്പിക്കും.

date