Skip to main content

നായ്ക്കളെ  കുഴിച്ചുമൂടിയ സംഭവം ക്രൂരം; മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്ന് മൃഗസംരക്ഷണ മന്ത്രി

 

            തിരുവനന്തപുരം വള്ളക്കടവിൽ ഇരുപതോളം തെരുവുനായ്ക്കളെ  കുഴിച്ചുമൂടിയ സംഭവം ക്രൂരമാണെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും സംസ്ഥാന മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി.

            സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.  വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.  ചൊവ്വാഴ്ച

വള്ളക്കടവ് പി.ഡി നഗറിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണത്തിലുള്ള ഒഴിഞ്ഞ സ്ഥലത്ത് നായ്ക്കളെ കുഴിച്ചിട്ട സ്ഥലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

            വിമാനത്താവളത്തിന്റെ ഉള്ളിൽനിന്നും പുറത്തും നിന്നും പിടികൂടിയെന്ന് കരുതുന്ന ഇരുപതോളം നായ്ക്കളെയാണ് ജൂലൈ 26, 27 തീയതികളിൽ കുഴിച്ചുമൂടിയതായി ഒരു നായ പിടുത്തക്കാരൻ വകുപ്പിനെ അറിയിച്ചത്. നായ്ക്കളെ കൊലപ്പെടുത്തിയും ജീവനോടെയും കുഴിച്ചുമൂടി എന്നാണ് വിവരം. പിടികൂടിയ നായ്ക്കളെ ദത്തുനൽകാൻ കൊണ്ടുപോകുന്നു എന്ന വ്യാജേനയാണ് ഇത്തരത്തിൽ കുഴിച്ചുമൂടിയത്. കുഴിച്ചുമൂടിയ സ്ഥലത്തുനിന്ന് എട്ടു നായ്ക്കളുടെ ശരീരാവശിഷ്ടങ്ങൾ വകുപ്പിനു ലഭിച്ചു.  അതിൽ ഏഴ് എണ്ണവും അഴുകിയ നിലയിലാണ്. 

            എയർപോർട്ട് അതോറിറ്റിയുടെ വാഹനത്തിലാണ് നായ്ക്കളെ കുഴിച്ചുമൂടിയ സ്ഥലത്ത് എത്തിച്ചതെന്ന് വകുപ്പിലെ ജീവനക്കാർ പറഞ്ഞു. മൃഗങ്ങളോട് ഇത്തരത്തിലുള്ള അത്യന്തം ക്രൂരമായ നടപടി സ്വീകരിക്കാൻ പാടില്ലെന്നും ഇതിനെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.  മൃഗസംരക്ഷണ സംഘടനയുടെ പരാതിയിൽ വലിയതുറ പൊലീസാണ്  അന്വേഷിക്കുന്നത്.  വന്ധ്യംകരണം ചെയ്ത നായ്ക്കളും ഇങ്ങനെ കുഴിച്ചുമൂടിയതിലുൾപ്പെടുന്നു.

            സംഭവം അറിഞ്ഞ ഉടൻ മൃഗസംരക്ഷണ വകുപ്പ് പ്രത്യേക സംഘത്തെ സ്ഥലത്തേക്ക് അയച്ചു നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ജൂലൈ 26 നു ഒൻപതും പിറ്റേദിവസം പതിനൊന്നും നായ്ക്കളെയാണ് പിടികൂടിയത്.

പി.എൻ.എക്‌സ്3570/2023

date