Skip to main content
ക്ലീനാകാനൊരുങ്ങി പുന്നയൂർ പഞ്ചായത്ത്.

ക്ലീൻ പുന്നയൂരിന് തുടക്കമായി

ക്ലീനാകാനൊരുങ്ങി പുന്നയൂർ പഞ്ചായത്ത്. പഞ്ചായത്തിന്റെ പൊതു നിരത്തുകളെല്ലാം സൗന്ദര്യ ഇടങ്ങളായി മാറ്റുന്ന പദ്ധതിയായ ക്ലീൻ പുന്നയൂരിന് തുടക്കമായി. 2023-24 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്തിന്റെ പൊതു നിരത്തുകളിൽ പുല്ലും പാഴ്ചെടികളും വളരുന്നതുമൂലം അവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരുന്നു. ഇത് കാൽനട യാത്രക്കാർക്കുൾപ്പെടെ യാത്ര പ്രയാസകരമാക്കി. തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം വർദ്ധിച്ചു വരുന്ന സാഹചര്യവുമുണ്ട്. പൊതുനിരത്തുകൾ മാലിന്യമുക്തമാക്കുന്നതിനും പൊതുകവലകളുടെ സാന്ദര്യവൽക്കരണത്തിനുമായാണ് പദ്ധതി. 

പഞ്ചായത്തിൽ എല്ലാ വാർഡുകളിലും രണ്ടുമാസത്തിലൊരിക്കൽ ആറുദിവസം എന്ന നിലയിൽ വർഷം മുഴുവനും പൊതുനിരത്തുകൾ വൃത്തിയാക്കുന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്. നിലവിൽ പഞ്ചായത്തിൽ നടന്നുവരുന്ന  ഉറവിട മാലിന്യസംസ്ക്കരണം, അജൈവ മാലിന്യശേഖരണവും എന്നീ പദ്ധതികളോടൊപ്പം ക്ലീൻ പുന്നയൂർ പദ്ധതിയും കർമ്മപഥത്തിൽ വരുന്നതോടെ വൃത്തിയുള്ളതും മനോഹരവുമായ പുന്നയൂർ എന്ന സ്വപ്നത്തിലേയ്ക്ക് പഞ്ചായത്ത് ഉയരും. 

ക്ലീൻ പുന്നയൂർ പദ്ധതിയുടെ ഉദ്ഘാടനം എൻ കെ അക്ബർ  എം എൽ എ നിർവ്വഹിച്ചു. പുന്നയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ വി ഷീജ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷനായി. സ്‌റ്റേറ്റ് ലവൽ റിസോർസ് ഗ്രൂപ്പ് മെമ്പർ (പ്ലാനിങ് ബോർഡ് ) അനൂപ് കിഷോർ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരസമിതി അധ്യക്ഷൻമാരായ കെ. എ. വിശ്വനാഥൻ മാസ്റ്റർ, എ.കെ വിജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.വി. ഹൈദരലി, രജനി ടീച്ചർ, ഷെരീഫ കബീർ, അസീസ് മന്ദലാംകുന്ന്, സുബൈദ പുളിക്കൽ , ആസൂത്രണസമിതി ഉപാധ്യക്ഷൻ ഇഖ്ബാൽ മാസ്റ്റർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.വൈസ് പ്രസിഡന്റ് സലീന നാസർ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി പി.എം. ഇസ്മായിൽ നന്ദിയും പറഞ്ഞു.

date