Skip to main content

എക്‌സ്‌ഗ്രേഷ്യ വിതരണം

 

കൊച്ചി: പൂട്ടിക്കിടക്കുന്ന പൊതുമേഖലാ ഫാക്ടറികളിലെയും സഹകരണ സംഘങ്ങളിലേയും തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ചുള്ള എക്‌സ്‌ഗ്രേഷ്യാ ധനസഹായം വിതരണത്തിന് തയ്യാറായി. 45.62 ലക്ഷം രൂപയാണ് ഈ വിഭാഗത്തില്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നത്. 2281 തൊഴിലാളികള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. ബാങ്ക് അക്കൗണ്ട് മുഖേനയാണ് തുക വിതരണം ചെയ്യുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നാളിതുവരെ സമര്‍പ്പിക്കാന്‍ കഴിയാത്ത അര്‍ഹരായ തൊഴിലാളികള്‍ ബന്ധപ്പെട്ട സ്ഥാപനത്തിലെ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി ഈ മാസം 30, 31 തീയതികളില്‍  കാക്കനാട് സിവില്‍ സ്റ്റേഷനിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലേബര്‍ ഓഫീസില്‍ വന്നാല്‍ തുക ലഭ്യമാകും. പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സില്‍ നിന്നാണ് ഏറ്റവുമധികം തൊഴിലാളികള്‍. 1713 പേര്‍. ഒരു തൊഴിലാളിക്ക് രണ്ടായിരം രൂപ വീതമാണ് എക്‌സ്‌ഗ്രേഷ്യ. അസംഘടിത തൊഴിലാളികള്‍ക്കുള്ള ജൂലൈ വരെയുള്ള ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി ബാങ്കുകള്‍ക്ക് കൈമാറി. ജില്ലയിലെ 345 അസംഘടിത തൊഴിലാളികള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭ്യമാകുന്നത്. ഓണക്കാലത്ത് ബന്ധപ്പെട്ട തൊഴിലാളികളുടെ അക്കൗണ്ടില്‍ തുക ലഭ്യമാകുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ വി. ബി. ബിജു അറിയിച്ചു. 

date