Skip to main content

ദുരിതത്തില്‍ കൈത്താങ്ങായി വനിതാ ശിശുവികസന വകുപ്പും

 

കൊച്ചി: പ്രളയക്കെടുതിയിലകപ്പെട്ടുപോയവര്‍ക്ക് അവശ്യവസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍, കൗണ്‍സിലിങ് തുടങ്ങിയവ ലഭ്യമാക്കി വനിതാശിശുവികസനവകുപ്പിന്റെ കൈത്താങ്ങ്.  ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ശിശുവികസന പ്രോജക്ട് ഓഫീസര്‍മാരും സൂപ്പര്‍വൈസര്‍മാരും സ്‌കൂള്‍ കൗണ്‍സിലര്‍മാരും അങ്കണവാടി പ്രവര്‍ത്തകരും പ്രോഗ്രാം ഓഫീസറും സന്ദര്‍ശനം നടത്തുന്നുണ്ട്.  

ആദ്യദിനങ്ങളില്‍ അങ്കണവാടികളിലെ ഭക്ഷ്യവസ്തുക്കള്‍ ദുരിതാശ്വാസക്യാമ്പുകളില്‍ വിതരണം ചെയ്തു.  സംയോജിത ശിശു വികസന പദ്ധതിയുമായി ബന്ധപ്പെട്ട ആറായിരത്തോളം ജീവനക്കാര്‍ ആഗസ്റ്റ് ഒമ്പത് മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു.  വെള്ളം കയറാതെ സുരക്ഷിതമായി വെച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ അങ്കണവാടികള്‍ പലതും പകുതിയോളം വെള്ളം കയറിയ നിലയിലായിരുന്നിട്ടും   ആവശ്യക്കാരെത്തിയപ്പോള്‍ അങ്കണവാടി പ്രവര്‍ത്തകരെത്തി വിതരണം ചെയ്തു.  തുടര്‍ന്ന് പുതിയ വസ്ത്രങ്ങള്‍, സോപ്പ്, ലോഷന്‍, നാപ്കിനുകള്‍, ഡയപ്പര്‍ മുതലായവയും ലഭ്യമാക്കി.  

ദുരിതാശ്വാസ സാമഗ്രികള്‍ ആവശ്യത്തിലധികം ലഭിച്ച സ്ഥലങ്ങളില്‍നിന്നും അത്യാവശ്യക്കാരിലെത്തിക്കാനും ജീവനക്കാര്‍ മുന്നിട്ടിറങ്ങി. സ്പോണ്‍സര്‍ഷിപ്പിലൂടെ ശുചീകരണവസ്തുക്കളും നല്‍കിവരുന്നു.  ക്യാമ്പിലുള്ളവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വിവിധ വിഷയങ്ങളില്‍ മോട്ടിവേഷന്‍ ക്ലാസ്സുകള്‍ നല്‍കുകയും വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും ചെയ്തു.  തെലങ്കാന സര്‍ക്കാര്‍ സംസ്ഥാനത്തിന് 100 മെട്രിക് ടണ്‍ ബാലാമൃതം ബേബിഫുഡ് നല്‍കിയതില്‍ മൂന്ന് ലോഡ് ജില്ലയ്ക്കുള്ളതാണ്. ഇതിന്റെ വിതരണവും വകുപ്പിന്റെ ചുമതലയാണ്.     

ക്യാമ്പുകളില്‍നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ദുരിതബാധിതര്‍ക്കുണ്ടാകാവുന്ന മാനസികപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും വകുപ്പ് ലക്ഷ്യമിടുന്നു.   ജില്ലയിലെ ശിശുവികസന പ്രോജക്ട് ഓഫീസര്‍മാര്‍,  സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, ജില്ലാ മെന്റല്‍ ഹെല്‍ത്ത് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക്   ഇതു സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് എറണാകുളം മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ പ്രീതി വില്‍സന്‍,  ജില്ലാ ഓഫീസര്‍ ഗീത കുമാരി എന്നിവരുടെ  നേതൃത്വത്തില്‍ ഓറിയന്റേഷന്‍ ക്ലാസ് നല്‍കിയതായി ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജെ.മായാലക്ഷ്മി അറിയിച്ചു.  പരിശീലനം ലഭിച്ചവര്‍ പ്രളയക്കെടുതിയില്‍പെട്ടവരെ വീടുകളില്‍ സന്ദര്‍ശിച്ച് കൗണ്‍സിലിങ്  നല്‍കും.

date