Skip to main content

അതിഥി തൊഴിലാളികൾക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കും: ജില്ലാ കളക്ടർ

വെങ്ങോലയിൽ മൊബൈൽ ക്രഷ് ആരംഭിച്ചു

അതിഥി തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ക്ഷേമവും സുരക്ഷയും സർക്കാരും ജില്ലാ ഭരണകൂടവും ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ പറഞ്ഞു. അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി ഒരുക്കിയ മൊബൈൽ ക്രഷ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൊബൈൽ ക്രഷ് ഒരു തുടക്കമാണെന്നും വരും കാലങ്ങളിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്ത് ആദ്യമായാണ് സാമൂഹിക പ്രതിബദ്ധത  ഫണ്ട്  ഉപയോഗിച്ച് 
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ 
മൊബൈൽ ക്രഷ് ആരംഭിക്കുന്നത്.  

നേരത്തേ വെങ്ങോലയ്ക്ക് സമീപം പ്ലൈവുഡ് കമ്പനിയിലെ ചളിക്കുണ്ടിൽ വീണ് കുട്ടി മരിച്ച സംഭവത്തെത്തുടർന്നാണ് ജോലിക്ക് പോകുന്ന അതിഥി തൊഴിലാളികളുടെ മക്കൾക്കായി ഡേ കെയർ സംവിധാനം ആരംഭിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ആറ് മാസം മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. രാവിലെയും വൈകിട്ടും വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. വെങ്ങോല പഞ്ചായത്തിലെ ഓണംകുളത്ത് ആരംഭിച്ച മൊബൈൽ ക്രഷ് രാവിലെ ഏഴു മുതൽ വൈകിട്ട് എഴുവരെ പ്രവർത്തിക്കും. ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ നാല് ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. 

 കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സി. ഐ. ഐ.)ഫൗണ്ടേഷനും വെങ്ങോല സോ മില്ല് ആൻഡ് പ്ലൈവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷനും(സോപ്മ) ചേർന്നാണ് പ്രവർത്തനങ്ങൾക്കാവശ്യമായ തുക നൽകുന്നത്. ക്രഷിലേക്കാവശ്യമായ ഉപകരണങ്ങൾ, പാത്രങ്ങൾ, ബാല സൗഹൃദ കളിയുപകരണങ്ങൾ, ബാല സൗഹൃദ പെയിന്റിംഗ്, ക്രഷ് പ്രവർത്തകരുടെ ഹോണറേറിയം എന്നിവ സി. ഐ. ഐ. ഫൗണ്ടേഷനും കുട്ടികളുടെ ആഹാരം, കെട്ടിട വാടക, വാഹനം എന്നിവയുടെ ചെലവ് സോപ്മയുമാണ് വഹിക്കുന്നത്.

മൊബൈൽ ക്രഷിന്റെ മേൽനോട്ടത്തിനായി ക്രഷ് വെൽഫെയർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആവശ്യമായ മാർഗ നിർദേശങ്ങൾ വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരായ ഐ സി ഡി എസ് സൂപ്പർവൈസർ, സി ഡി പി ഒ , പ്രോഗ്രാം ഓഫീസർ എന്നിവർ നൽകും.

ചടങ്ങിൽ വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ അധ്യക്ഷത വഹിച്ചു. ഐ. സി. ഡി. എസ്.പ്രോഗ്രാം ഓഫീസർ കെ ബി സൈന പദ്ധതി വിശദീകരണം നടത്തി. സി ഐ ഐ കേരള ചെയർമാൻ അജു ജേക്കബ്
ക്രഷ് കെട്ടിടത്തിന്റെ താക്കോലും സോപ്മ വെങ്ങോല മേഖല ഭാരവാഹി സി. എച്ച്. അൻവർ വാഹനത്തിന്റെ താക്കോലും കൈമാറി. ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അതിഥി തൊഴിലാളിയുടെ മക്കൾക്ക് ഉപഹാരം നൽകി. 
അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ, ജില്ലാ പഞ്ചായത്ത്‌ അംഗം പി. എം. നാസർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. എം. അൻവർ അലി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നസീമ റഹീം, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഷെമിത ഷെരീഫ്, ടി. എം. ജോയ്, പി. പി. എൽദോസ്, സോപ്മ ജില്ലാ പ്രസിഡന്റ് മുജീബ് റഹ്മാൻ, സോപ്മ വെങ്ങോല സെക്രട്ടറി ടി. എ. അനൂപ്, വനിത ശിശു വികസന ഓഫീസർ പ്രേംന മനോജ് ശങ്കർ, സി.ഡി.പി.ഒ. ജയന്തി പി നായർ തുടങ്ങിയവർ പങ്കെടുത്തു.

date