Skip to main content

വിദ്യാസമ്പന്നരുടെ ഇടയില്‍ കുടുംബ ബന്ധങ്ങള്‍ തകരുന്നത് വര്‍ധിക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണം: വനിതാ കമ്മീഷന്‍

 

വിദ്യാസമ്പന്നരുടെ ഇടയില്‍ കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നത് വര്‍ധിക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് കേരള വനിതാ കമ്മീഷന്‍. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന സിറ്റിങ്ങില്‍ വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാ മണി എന്നിവര്‍ പരാതികള്‍ പരിഗണിച്ചു. ജാഗ്രതാ സമിതികള്‍ ശക്തമാകേണ്ടതുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തി. 

എറണാകുളം ജില്ലാതല സിറ്റിംഗിന്റെ ആദ്യ ദിനം എട്ടു പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. മൂന്ന് പരാതിയില്‍ പരാതിക്കാര്‍ക്ക് കൗണ്‍സലിങ് നല്‍കാന്‍ തീരുമാനിച്ചു. ശേഷിക്കുന്ന 26 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. 

കുടുംബ പ്രശ്നങ്ങള്‍, അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ വരുമാന സംബന്ധമായി നേരിടുന്ന വിവേചനം തുടങ്ങിയ പരാതികളാണ് കമ്മീഷന്‍ മുന്‍പാകെ എത്തിയത്. കുടുംബ പ്രശ്നങ്ങള്‍ വിദ്യാസമ്പന്നര്‍ക്കിടയിലും ഏറി വരുന്നതില്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കമ്മീഷന്റെ നേതൃത്വത്തില്‍ സെമിനാറുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍, പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് എന്നിവ നടത്തി വരുന്നുണ്ട്. 

    വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, പാനല്‍ അഡ്വക്കറ്റുമാരായ അഡ്വ. വി.എ. അമ്പിളി, അഡ്വ. സ്മിത ഗോപി, കൗണ്‍സലര്‍ ബി. സന്ധ്യ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

date